ഉലകനായകന്‍ വിളിച്ചു…പറന്നെത്തി റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്!!

ഈ വര്‍ഷം ഇറങ്ങിയ മലയാള സിനിമകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരമാണ് ചിത്രമൊരുക്കിയത്. 2006ല്‍ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ ഒരു സംഘം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഗുണ ഗുഹയ്ക്കുള്ളില്‍ വീണു പോയ സുഹൃത്തിന്റെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയതാണ് സംഭവം. ഗുണ ഗുഹയ്ക്കുള്ളില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കോളിവുഡിലും ചിത്രം വന്‍ വിജയമായിരുന്നു.

ഇപ്പോഴിതാ യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ കണ്ടിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. കഴിഞ്ഞ ശനിയാഴ്ചയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് താരത്തിനെ കാണാനെത്തിയത്. ചിത്രം വന്‍ വിജയമായതിന് പിന്നാലെ യാഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കമല്‍ഹാസനും യഥാര്‍ഥ താരങ്ങളെ കാണാന്‍ ആഗ്രഹം അറിയിച്ചു.

അങ്ങനെ മഞ്ഞുമ്മലിലെ ബോയ്സ് താരത്തിനെ കാണാന്‍ ചെന്നെയിലെത്തിയത്. മാത്രമല്ല കമല്‍ഹാസനെ കണ്ടു, മണിക്കൂറുകളോളം ഒന്നിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. സംഘം തന്നെയാണ് ഉലകനായകനെ കണ്ട സന്തോഷ നിമിഷം സോഷ്യലിടത്ത് പങ്കുവച്ചത്.

സിനിമയിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളെയും സംവിധായകനെയും കമല്‍ഹാസന്‍ കണ്ടിരുന്നു. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രത്തിന് പിന്നാലെയാണ് ചെകുത്താന്റെ അടുക്കള ഗുണകേവ് ആയി മാറിയത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കമല്‍ഹാസന് നന്ദിയും അറിയിക്കുന്നുണ്ട്.