ഐശ്വര്യാ റായിയ്ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമില്ലായിരുന്നു…സൗന്ദര്യം മുഴുവന്‍ ഇല്ലാതാക്കി-വിമര്‍ശിച്ച് കസ്തൂരി

വര്‍ഷങ്ങളായി ഐശ്വര്യ വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. 77ാമത് കാന്‍ ഫെസ്റ്റിവലിലും തന്റെ പുത്തന്‍ റെഡ് കാര്‍പെറ്റ് ലുക്കില്‍ താരം വന്നു. പക്ഷേ കൈയ്യടികളേക്കാള്‍ വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്. നടി കസ്തൂരി ശങ്കറും ഐശ്വര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്.

പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് കസ്തൂരി വിമര്‍ശിക്കുന്നത്. ‘സമയം. കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല. ഐശ്വര്യ റായിയ്ക്ക് സമയത്തെ പിന്നിലാക്കേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ സൗന്ദര്യം ഇല്ലാതാക്കി’ എന്നാണ് ഐശ്വര്യയുടെ ചിത്രം പങ്കുവച്ച് കസ്തൂരി കുറിച്ചത്.

കസ്തൂരിയുടെ പോസ്റ്റിന് താഴെ കമന്റുകളും നിറഞ്ഞു. ബോട്ടോക്‌സ് അടക്കമുള്ള സൗന്ദര്യ ചികിത്സകളെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ബോട്ടോക്സ് പോയിട്ട് ഹെയര്‍ ഡൈ , മേക്കപ്പ്, സോപ്പ്, ഷാംപൂ തുടങ്ങിയവ ഒന്നും ഉപയോഗിക്കാറില്ലെന്നും വെറും ലിപ്സ്റ്റിക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും കസ്തൂരി മറുപടിയായി കുറിച്ചു.

ഇരുപത് വയസ്സിലെ പോലെ ഐശ്വര്യ ഇപ്പോള്‍ മെലിഞ്ഞിരിക്കുന്നില്ല, വണ്ണം കൂടിയത് കൊണ്ട് ഈ ഡ്രസ്സ് അവര്‍ക്ക് ചേരുന്നില്ല എന്നൊക്കെയാണ് നെറ്റിസന്‍സിന്റെ പ്രതികരണം. 50 വയസ്സുള്ള ഒരു സ്ത്രീയാണ് ഐശ്വര്യ എന്ന കാര്യം ആളുകള്‍ ചിന്തിക്കുന്നേയില്ല. എല്ലാവര്‍ക്കും എല്ലാ കാലവും ഒരേ ബോഡി ഷേപ്പ് ആയിരിക്കുകയും ഇല്ല. ഇന്ത്യയെ ലോക പ്രസിദ്ധിയിലേക്ക് കൊണ്ടു വരുന്നതില്‍ പ്രധാനമായ ഒരു പങ്ക് വഹിച്ചിട്ടുള്ള അഭിനേത്രിയാണ് ഐശ്വര്യ റായ്. അവര്‍ക്ക് പോലും ബോഡി ഷേമിങ്ങില്‍ നിന്ന് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.