ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും നാട് തന്നെ!! വിശദീകരണത്തിന് പിന്നാലെ പോസ്റ്റ് മുക്കി ഷെയ്ന്‍

നടന്‍ ഷെയിന്‍ നിഗം നടന്‍ ഉണ്ണി മുകുന്ദനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണം നല്‍കി താരം. തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട കുറിപ്പിലാണ് ഷെയ്ന്‍ വിശദീകരണം നല്‍കുന്നത്. മഹിയും ഉണ്ണി ചേട്ടനും സുഹൃത്തുക്കളാണ്. വീഡിയോ മുഴുവന്‍ കാണാതെ അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ഖേദകരമാണ് എന്നും ഷെയിന്‍ കുറിച്ചു.

പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രമോഷനിടെയാണ് ഷെയ്‌ന്റെ ഭാഗത്തുനിന്നും വിവാദപ്രതികരണമുണ്ടായത്. ചിത്രത്തിലെ നടി മഹിമ നമ്പ്യാര്‍ക്ക് ഏറ്റവും ചേരുന്നത് ആരാണ് എന്ന ചോദ്യത്തിനായിരുന്നു വിവാദമറുപടി. മഹിമയും ഉണ്ണി മുകുന്ദനുമാണ് ഏറ്റവും ചേരുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി, എന്നാല്‍ ഉണ്ണി മുകുന്ദന് പകരം ഉംഫ് എന്ന വാക്കാണ് ഷെയ്ന്‍ ഉപയോഗിച്ചത്. ഇതാണ് വിവാദമായത്.

ഷെയ്‌ന്റെ വിശദീകരണക്കുറിപ്പിങ്ങനെ,
കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും…തള്ളണം… ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്…എന്നാണ് ഷെയ്ന്‍ കുറിച്ചത്. എന്നാല്‍ താരം തന്നെ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്.