പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ‘ദരിദ്രരായ’ ചാവേറുകളുടെ കഥ

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് നേടുന്നത്. കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ സര്‍വൈവല്‍ ട്രാവല്‍ മൂവിയാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകത്തിലൂടെ…

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാവേര്‍. വലിയ പ്രതീക്ഷകളുമായി എത്തിയ ചിത്രം തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് നേടുന്നത്. കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ സര്‍വൈവല്‍ ട്രാവല്‍ മൂവിയാണ് ചാവേര്‍. രാഷ്ട്രീയ കൊലപാതകത്തിലൂടെ തുടങ്ങുന്ന ചിത്രം കൊലപാതകികളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു, മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

ചിത്രത്തിനെ കുറിച്ച് റെനീഷ് തിരുത്തിക്കാടന്‍ പങ്കുവച്ച സ്‌പോയിലര്‍ അലര്‍ട്ട് ശ്രദ്ധേയമായിരിക്കുകയാണ്. ചാവേര്‍.
spoiler
ടിനു പാപ്പച്ചന്റെ മുന്‍കാല എന്റര്‍ടൈനേഴ്‌സ് പോലുള്ള പടമല്ല ചാവേര്‍ .ചാവേര്‍ ‘മലയാള സിനിമയിലെ എണ്ണം പറഞ്ഞ ക്ലാസ്സ് സിനിമകളില്‍ ഒന്നായി ഇവിടെ ഉണ്ടാകും. ട്രെയിലര്‍ കണ്ടു മാസ് പടം പ്രതീക്ഷിച്ച് ഒരുത്തനും തിയറ്റര്‍ പരിസരത്ത് പോകേണ്ട. ചാവേര്‍ പറയുന്നത് ദുരഭിമാന കൊലയെ പറ്റിയാണ്. ജാതിരാഷ്ട്രീയം, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജാതി ആണ് പ്രതിപാദിച്ച് പോകുന്നത്.

സിനിമയിലെ വില്ലന്‍ സഖാവ് ‘ജി കെ ‘ ആരെന്നും അദ്ദേഹത്തിന്റെ ‘ആര്‍മി ‘ തലവന്‍ അശോകന്‍ ആരാണെന്നും. സിനിമ കാണുന്നവര്‍ക്ക് പകല്‍പോലെ വ്യക്തമാകും. ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാക്കളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ‘ദരിദ്രരായ’ ചാവേറുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

പാര്‍ട്ടിയെ ഊറ്റി പിഴിഞ്ഞ് ജീവിക്കുന്ന സമ്പന്ന സഖാക്കളുടെ മേധാവിത്വമാണ് സിനിമ പറയുന്നത്. ഒരു പരിചയവുമില്ലാത്ത മനുഷ്യരെ കൊല്ലാന്‍ തമ്മില്‍ തമ്മില്‍ പരിചയമില്ലാതെ എത്തിച്ചേരുന്ന ‘ഗുണ്ടാസഖാക്കള്‍ ‘ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത് ‘പാര്‍ട്ടിക്ക് വേണ്ടിയാണ് ‘ എന്ന വാചകത്തിലൂടെ ആണെന്ന് സിനിമ പലതവണ വ്യക്തമാക്കുന്നുണ്ട്. കൊല്ലാന്‍ വരുന്നവരുടെ കുടുംബ പശ്ചാത്തലവും കൊല്ലപ്പെടുന്നവരുടെ കുടുംബ പശ്ചാത്തലവും പ്രേക്ഷകരുടെ ഉള്ള് നീറ്റും.

കേരളത്തിലെ ഒരു പാര്‍ട്ടിയുടെ സൈബര്‍ വെട്ടു കിളിക്കൂട്ടം ഒന്നടങ്കം ഈ സിനിമയ്‌ക്കെതിരെ പ്രതികരിക്കുന്നതില്‍ അത്ഭുതം ഒന്നുമില്ല.
കാരണം ഏറെക്കുറെ വ്യക്തമായി ആ പാര്‍ട്ടിയിലെ ജാതി രാഷ്ട്രീയവും കൊട്ടേഷന്‍ രാഷ്ട്രീയവും ഈ സിനിമ തുറന്നു കാട്ടുന്നുണ്ട്.
കിരണ്‍കുമാര്‍ എന്ന കഥാപാത്രം
വെട്ടേല്‍ക്കുമ്പോള്‍ സഖാവ് അശോകനോട് ചോദിക്കുന്നുണ്ട് ,
ആരാ നിങ്ങളൊക്കെ?
എന്തിനാണ് എന്നെ കൊല്ലുന്നതെന്ന് അയാളുടെ കണ്ണുകള്‍ ഓരോ വെട്ടിലും വീണ്ടും വീണ്ടും ചോദിക്കുന്നുണ്ട്. പെപ്പയുടെ കഥാപാത്രം ഇറച്ചി വെട്ടുന്നതുപോലെ കൊത്തി നുറുക്കപ്പെടുമ്പോള്‍ നമ്മുടെ മനസ്സിലൂടെ പല രാഷ്ട്രീയ കൊലപാതകങ്ങളും കടന്നു പോകും. ആ ഓര്‍മ്മകളെയാണ് കേരളത്തിലെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ വക്താക്കളും ഭയപ്പെടുന്നതും, ഒരു സിനിമ റിവ്യൂ എന്നതില്‍ ഉപരി ഈ സിനിമയെ വ്യക്തമായ ലക്ഷ്യത്തോടുകൂടി ആക്രമിക്കുന്നതും.

ആന്റണി വര്‍ഗീസിന്റെ ദൈന്യഭാവം കൊല ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള പക വര്‍ദ്ധിപ്പിക്കുന്നുണ്ട്. തെയ്യക്കോലത്തില്‍ പ്രത്യക്ഷപ്പെടുന്ന പെപ്പെ വളരെ കുറച്ച് സമയം കൊണ്ട് തന്നെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടുന്നുണ്ട്. എന്തിനായിരിക്കും പാര്‍ട്ടികള്‍ മനുഷ്യരെ ഇങ്ങനെ വെട്ടി നുറുക്കി കൊന്ന് ശീലിച്ചത് ?എന്ന ചോദ്യം തീയറ്റര്‍ വിടുന്ന ഓരോ പ്രേക്ഷകനെയും അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കും എന്ന് പറഞ്ഞാണ് റെനീഷ് തിരുത്തിക്കാടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.