ആരാധകരുടെ ആവേശം കൂട്ടാന്‍ റോഷാക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പോസ്റ്ററുകളിലേത് പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ടു തന്നെയാണ് മേക്കിംഗ് വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസമായ സെപ്റ്റംബര്‍ 7-ന് പുറത്തിറക്കുമെന്നും മേക്കിംഗ് വീഡിയോയിലൂടെ അറിയിച്ചു.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

നിമീഷ് രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്ര സംയോജനം കിരണ്‍ ദാസ്, കലാ സംവിധാനം ഷാജി നടുവില്‍ എന്നിവരാണ്. സംഗീതം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ.