അഞ്ജലിയുടെ കുടുംബത്തിനെ ചേര്‍ത്ത് പിടിച്ച് ഷാരൂഖ് ഖാന്‍!!! സാമ്പത്തിക സഹായം എത്തിച്ചു

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് കൈത്താങ്ങായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. താരത്തിന്റെ എന്‍ജിഒയായ മീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അഞ്ജലിയുടെ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായെത്തി. ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവരുടെ ചെലവുകള്‍…

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് കൈത്താങ്ങായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍. താരത്തിന്റെ എന്‍ജിഒയായ മീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അഞ്ജലിയുടെ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായെത്തി. ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി എന്‍ജിഒ വെളിപ്പെടുത്താത്ത തുക കുടുംബത്തിന് സംഭാവന ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ ഇയര്‍ ദിനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ജലിയും സുഹൃത്തും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ജലി കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.

അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് ഷാരുഖ് ഖാന്റെ സഹായം. അമ്മ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അഞ്ജലിയ്ക്ക് 10ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നിരുന്നു.

അഞ്ജലിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം. ടയറിനുള്ളില്‍ കുടുങ്ങിയ അഞ്ജലിയെ വലിച്ചുകൊണ്ട് ഏകദേശം 12 കിലോമീറ്ററോളം കാര്‍ മുന്നോട്ട് പോയിരുന്നു. അപകടത്തില്‍ അഞ്ജലിയുടെ തലയോട്ടിയും വാരിയെല്ലും തകര്‍ന്ന നിലയിലായിരുന്നു.

2013ലാണ് ഷാറൂഖ് ഖാന്‍ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ള മീര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനാണ് സംഘടന പ്രധാന്യം കൊടുക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മീര്‍ ഫൗണ്ടേഷന്‍ പിന്തുണ നല്‍കാറുണ്ട്.