‘അവിടെ നിങ്ങളുടെ നാവ് പൊങ്ങിയില്ലേ, ഇങ്ങോട്ട് ഛർദിക്കാൻ വരേണ്ട’; ജയമോഹന് മറുപടിയുമായി നി‍ർമ്മാതാവ്

തമിഴ്നാട്ടിൽ അടക്കം തരം​ഗമായ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സിനേയും’ മലയാളികളെയും തന്റെ ബ്ലോഗ് പോസ്റ്റിൽ അപമാനിച്ച മലയാളം- തമിഴ് എഴുത്തുകാരൻ ജയമോഹനെതിരെ മലയാള ചലച്ചിത്ര നിർമാതാവ് ഷിബു ജി. സുശീലൻ. ഇപ്പോൾ തമിഴ് സിനിമയിൽ…

തമിഴ്നാട്ടിൽ അടക്കം തരം​ഗമായ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സിനേയും’ മലയാളികളെയും തന്റെ ബ്ലോഗ് പോസ്റ്റിൽ അപമാനിച്ച മലയാളം- തമിഴ് എഴുത്തുകാരൻ ജയമോഹനെതിരെ മലയാള ചലച്ചിത്ര നിർമാതാവ് ഷിബു ജി. സുശീലൻ. ഇപ്പോൾ തമിഴ് സിനിമയിൽ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകൾ റിലീസ് ചെയ്തപ്പോൾ പൊങ്ങിയില്ല എന്നാണ് ഷിബു ജി സുശീലൻ ചോദിച്ചത്. താങ്കൾ മലയാള സിനിമയെ പറ്റി പറഞ്ഞ ആവേശം അവിടെ കാണിക്കാൻ നോക്കുക. കേരളത്തിലെ സിനിമക്കാർ ആരുടെയും അടിമകൾ അല്ല. അത് കൊണ്ട് ഇങ്ങോട്ട് ഛർദിക്കാൻ വരേണ്ടെന്നും ഷിബു ജി സുശീലൻ ഫേസ്ബുക്കിൽ കുറിച്ചു.

ഷിബു ജി. സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“താങ്കൾ നല്ലൊരു എഴുത്തുകാരൻ എന്ന ബഹുമാനത്തോടെ പറയുകയാണ്. കേരളത്തിൽ മലയാളസിനിമ മാറ്റിവെച്ചാണ് തമിഴ് സിനിമ റിലീസ് ചെയ്യുന്നത്. അത് സന്തോഷത്തോടെയാണ് കേരളത്തിലെ സിനിമാ പ്രവർത്തകർ കാണുന്നത്

തമിഴ് സിനിമയുടെ എഴുത്തുകാരുടെ ശൈലികളെ മലയാള സിനിമാ പ്രവർത്തകർ ആരും മിസ്റ്റർ ജയമോഹൻ പറഞ്ഞത് പോലെ പറഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് ഒരു സിനിമ അവിടെ ഗംഭീരമായി ഓടിയപ്പോൾ താങ്കളുടെ കാൽ ഇളകിയോ. അത്രേ ഉള്ളോ നിങ്ങൾ?

ആ സിനിമയിൽ ഇറങ്ങി ചെന്ന് ലഹരിയുടെ അഴിഞ്ഞാട്ടത്തെ പറ്റി താങ്കൾ പറയുന്നു. ഇപ്പോൾ തമിഴ് സിനിമയിൽ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകൾ റിലീസ് ചെയ്തപ്പോൾ പൊങ്ങിയില്ല? അങ്ങനെ പൊങ്ങില്ല. പൊങ്ങിയാൽ ജയമോഹൻ എന്ന ‘സിനിമാ എഴുത്തുകാരൻ’ പിന്നെ തമിഴ് സിനിമ എഴുതില്ല.

താങ്കൾ മലയാള സിനിമയെ പറ്റി പറഞ്ഞ ആവേശം അവിടെ കാണിക്കാൻ നോക്കുക. കേരളത്തിലെ സിനിമക്കാർ ആരുടെയും അടിമകൾ അല്ല. അത് കൊണ്ട് ഇങ്ങോട്ട് ഛർദിക്കാൻ വരണ്ട.”