‘കോളേജിലൊന്നും അടിയുണ്ടാക്കിയിട്ടില്ല, അതിനൊരു കാരണമുണ്ട്’; ഷൈന്‍ ടോം ചാക്കോ

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തല്ലുമാലയുടെ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങള്‍. പ്രമോഷന്റെ ഭാഗമായി ഷൈന്‍ ടോം ചാക്കോയും ടൊവിനോ തോമസും നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അങ്ങനെയൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഏറ്റവും കൂടുതല്‍ ഉടായിപ്പ് കാണിച്ച് അടി വാങ്ങിച്ചത് എന്തിനാണ് എന്നായിരുന്നു താരങ്ങളോടുള്ള അവതാരകയുടെ ചോദ്യം. ഉടായിപ്പ് കാണിച്ച് അടി മേടിച്ചിട്ടില്ല, അതിനാണല്ലോ ഉടായിപ്പ് എന്ന് പറയുന്നതെന്നായിരുന്നു ഇതിന് ഷൈന്‍ നല്‍കിയ മറുപടി.

തനിക്ക് അടുത്തിടെ ഏറ്റവും കൂടുതല്‍ അടി കിട്ടിയത് സിനിമയില്‍ നിന്നാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്. താനും ചേട്ടനും തമ്മില്‍ ചെറുപ്പത്തില്‍ അടി കൂടുമെന്നും അച്ഛന്‍ അപ്പോള്‍ ഈര്‍ക്കിലി എടുത്ത് തല്ലിയതിന് കരഞ്ഞിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.

എന്നാല്‍ അച്ഛന്റെയും അമ്മയുടെയും ഒക്കെ കയ്യില്‍ നിന്നും അടി കിട്ടുന്നത് ചര്‍ച്ച ചെയ്യാനുള്ള വിഷയമല്ലെന്നും അടി കിട്ടണമെന്നും ഷൈന്‍ പറഞ്ഞു. കോളേജില്‍ താന്‍ അടിയുണ്ടാക്കിയിട്ടില്ലെന്നും ഷൈന്‍ പറഞ്ഞു. ‘കോളേജിലൊന്നും ഞാന്‍ അടി ഉണ്ടാക്കിയിട്ടില്ല, കോളേജില്‍ പഠിച്ചാലല്ലേ ഉണ്ടാക്കാന്‍ പറ്റുകയുള്ളു’ എന്നായിരുന്നു ഷൈനിന്റെ രസകരമായ മറുപടി.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തില്‍ ഇരുപതുകാരനായിട്ടാണ് ടൊവിനോ എത്തുന്നത്.

Previous articleപുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ..! സായുമ്മയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Next articleനാളുകള്‍ക്ക് ശേഷം ദാസനും വിജയനും ഒന്നിച്ച് ഒരു വേദിയില്‍..! ശ്രീനിവാസനെ മുത്തം നല്‍കി സ്വീകരിച്ച് മോഹന്‍ലാല്‍