നാളുകള്‍ക്ക് ശേഷം ദാസനും വിജയനും ഒന്നിച്ച് ഒരു വേദിയില്‍..! ശ്രീനിവാസനെ മുത്തം നല്‍കി സ്വീകരിച്ച് മോഹന്‍ലാല്‍

ഒരു നടന്‍ എന്നതിലുപരി മലയാള സിനിമാ രംഗത്തെ പല മേഖലകളിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ അസുഖവിവരവും പിന്നീട് അദ്ദേഹം കടന്നുപോയ സാഹചര്യങ്ങളും മലയാളി ആരാധകരുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തിലെ വലിയ കടമ്പകള്‍ എല്ലാം താണ്ടി അദ്ദേഹം വീണ്ടും ഒരു പൊതുവേദിയില്‍ എത്തിയിരിക്കുകയാണ്.

താരസംഘടനയായ അമ്മയുടെ കലാമാമാങ്കത്തിന് സാക്ഷിയാകുന്ന പ്രൗഢഗംഭീരമായ ആ വേദിയിലേക്ക് അദ്ദേഹം നടന്നു വരുന്നതിന്റെയും പ്രിയ നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ച് മുത്തം നല്‍കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ശ്രീനിവാസന്‍ നേരിട്ട വളരെ മോശമായ ആരോഗ്യ അവസ്ഥ ആരാധകരെയെല്ലാം സങ്കടത്തിലാഴ്ത്തിയിരുന്നു.

എന്നാല്‍ ഈ വീഡിയോ പുറത്ത് വന്നതോടെ അദ്ദേഹം വീണ്ടും ഊര്‍ജസ്വലനായി തിരിച്ച് വരും എന്ന് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. വേദിയിലേക്ക് അദ്ദേഹത്തെ ആനയിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. പിന്നീട് വേദിയില്‍ എത്തിയ ശ്രീനിവാസനെ മോഹന്‍ലാല്‍ മുത്തം നല്‍കിയ സ്വീകരിക്കുകയായിരുന്നു.. ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മയുടെ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്.

ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോ മറ്റ് താരങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലടക്കം ഈ വീഡിയോ വൈറലായി മാറുകയാണ്. അസുഖത്തെ മറികടന്ന് ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്ന സന്തോഷമാണ് എല്ലാവര്‍ക്കും. സത്യന്‍ അന്തിക്കാടും വേദിയില്‍ ശ്രീനിവാസനെ സ്വീകരിക്കാനായി ഉണ്ടായിരുന്നു. ദാസനേയും വിജയനേയും ഒരിക്കല്‍ കൂടി ഒരുമിച്ച് കണ്ട നിര്‍വൃതിയിലാണ് ആരാധകര്‍.

Previous article‘കോളേജിലൊന്നും അടിയുണ്ടാക്കിയിട്ടില്ല, അതിനൊരു കാരണമുണ്ട്’; ഷൈന്‍ ടോം ചാക്കോ
Next articleഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് തമാശയാകുന്നത്? ശ്രദ്ധേയമായി ദീപ നിശാന്തിന്റെ കുറിപ്പ്