ഷാരൂഖ് ഖാന് കൊടുത്താല്‍ പരിപാടി കൊഴുക്കും!! മോഹന്‍ലാലിനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായതിങ്ങനെ- സിബി മലയില്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും മലയാള സിനിമയെ മാറ്റി നിര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ജൂറി അംഗവും സംവിധായകനുമായ സിബി മലയില്‍ രംഗത്ത്. 2009ലെ ദേശീയ പുരസ്‌കാരത്തിലാണ് മലയാള ചിത്രം ‘പരദേശി’യെ മാറ്റിനിര്‍ത്തിയത്. മോഹന്‍ലാലിനെ…

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും മലയാള സിനിമയെ മാറ്റി നിര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ജൂറി അംഗവും സംവിധായകനുമായ സിബി മലയില്‍ രംഗത്ത്. 2009ലെ ദേശീയ പുരസ്‌കാരത്തിലാണ് മലയാള ചിത്രം ‘പരദേശി’യെ മാറ്റിനിര്‍ത്തിയത്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പിടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു പരദേശി.

ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാല്‍, സംവിധാനത്തിന് പി.ടി കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്ക് റഫീക്ക് അഹമ്മദ്, ഗായികയ്ക്ക് സുജാത മോഹന്‍ എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നിട്ടും പട്ടണം റഷീദിന് മികച്ച മേക്കപ്പിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചതെന്ന് സിബി മലയില്‍ ആരോപിച്ചു.

‘പി.ടി കലയും കാലവും’ എന്ന പേരില്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാംസ്‌കാരിക മേളയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു സിബി മലയിലിന്റെ വെളിപ്പെടുത്തല്‍.

മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് പുരസ്‌കാരം നല്‍കാമെന്ന് ജൂറി തീരുമാനിച്ചെന്ന് സിബി മലയില്‍ പറയുന്നു. ഷാരൂഖ് ഖാന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്താല്‍ പുരസ്‌കാര വിതരണ പരിപാടി കൊഴുക്കുമെന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു. ചിത്രത്തിലെ ‘തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചി ചെടിയെ’ എന്ന ഗാനം പാടിയതിന് സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നു, പക്ഷേ അവസാന നിമിഷത്തില്‍ ശ്രേയാ ഘോഷാലിന് നല്‍കിയെന്നും അദ്ദേഹം പറയുന്നു.
sibi manayil
മലയാള ചലച്ചിത്ര ലോകത്ത് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ പോയ, മാറ്റിനിര്‍ത്തപ്പെട്ട ഒരാളാണ് പി.ടി.കുഞ്ഞുമുഹമ്മദ്. സിനിമയിലും രാഷ്ട്രീയത്തിലും നിലപാടുകള്‍ മാറ്റമില്ലാതെ തുടരുന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സിബി മലയില്‍ പറയുന്നു.

‘പരദേശി’ക്ക് സംവിധായകന്‍, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞാനും ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ഞങ്ങള്‍ ശക്തമായി വാദിച്ചിരുന്നെന്നും സിബി മലയില്‍ പറയുന്നു.

സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ചതായിരുന്നു. എന്നാല്‍, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍, ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു. സുജാതയ്ക്കാണെന്ന് അറിഞ്ഞപ്പോള്‍ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് അദ്ദേഹം ചോദിക്കുകയും തിരുത്തുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

അതേസമയം, 2009ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം സിനിമയിലൂടെ പ്രകാശ് രാജാണ് നേടിയത്. മികച്ച പിന്നണി ഗായിക്കുള്ള പുരസ്‌കാരം ‘ജബ് വി മെറ്റി’ലെ ‘യേ ഇഷ്‌ക് ഹായേ’ എന്ന ഗാനത്തിന് ശ്രേയാഘോഷാലും നേടിയിരുന്നു.