‘കുടുംബത്തിലെ മറ്റൊരംഗം കൂടി വിട പറഞ്ഞു, പോയി കാണാന്‍ കഴിയാത്തതില്‍ വിഷമമം’ സിദ്ധാര്‍ത്ഥ് ഭരതന്‍

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ അനുസ്മരിച്ച് നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ‘അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നുപറയുന്നതുപോലെ എന്റെ കുടുംബത്തിലെ മറ്റൊരംഗം കൂടി വിട പറഞ്ഞതുപോലെയാണ് തോന്നുന്നത്. ചെറുപ്പം മുതല്‍ അദ്ദേഹത്തെ കണ്ടു വളരുകയും ഒരുപാടു…

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ അനുസ്മരിച്ച് നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ‘അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നുപറയുന്നതുപോലെ എന്റെ കുടുംബത്തിലെ മറ്റൊരംഗം കൂടി വിട പറഞ്ഞതുപോലെയാണ് തോന്നുന്നത്. ചെറുപ്പം മുതല്‍ അദ്ദേഹത്തെ കണ്ടു വളരുകയും ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തരുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിലെ വളരെ അടുത്ത ബന്ധുവിനെപോലെ ആയിരുന്നു. ഈ അടുത്ത കുറച്ചുനാള്‍ മാത്രമേ അദ്ദേഹവുമായി ബന്ധം പുലര്‍ത്താതിരുന്നിട്ടുള്ളൂ.

കലയെ എങ്ങനെ വിലമതിക്കാം എന്ന് അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. അച്ഛന്റെ മരണത്തിനു ശേഷം ഭരതന്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പിനെ ഉണ്ടാക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു. എല്ലാക്കൊല്ലവും അച്ഛന്റെ പേരില്‍ ഒരു അവാര്‍ഡ് കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ഫൗണ്ടേഷന്‍ വളരുന്നതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹമാണ്. അദ്ദേഹം ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു, പോയി കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.’ സിദ്ധാര്‍ത്ഥ് മനോരമയോട് പ്രതികരിച്ചു.

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജോണ്‍ പോള്‍. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോണ്‍പോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി. ഇന്ന് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്‌കാരം.