വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല! ടിവി കാണാന്‍ ചെന്നതിന് അയല്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്-സിജു വില്‍സണ്‍

സിജു വില്‍സന്‍ നായകനായെത്തിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വന്‍ വിജയമായിരിക്കുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജുഅവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തും സഹനടനായും തിളങ്ങിയ സിജു ഒരുപാട് കാത്തിരുന്നാണ് തന്റെ സ്വപ്നമായ…

സിജു വില്‍സന്‍ നായകനായെത്തിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ വന്‍ വിജയമായിരിക്കുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെയാണ് സിജുഅവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തും സഹനടനായും തിളങ്ങിയ സിജു ഒരുപാട് കാത്തിരുന്നാണ് തന്റെ സ്വപ്നമായ നായക വേഷത്തിലെത്തിയത്.

ഇപ്പോഴിതാ സിജു താന്‍ അതിജീവിച്ച പ്രതിസന്ധികളെ കുറിച്ച് സിജു തുറന്നു പറഞ്ഞിരിക്കുകയാണ്. സിജു പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2018ല്‍ കൊച്ചി രാജഗിരി ബിസിനസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയിലാണ് സിജുവിന്റെ തുറന്നുപറച്ചില്‍.

ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. എന്റെ അച്ഛന്‍ സിഐടിയുവില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ ഹൗസ് വൈഫ് ആയിരുന്നു. ഞങ്ങള്‍ക്ക് വീടിന് മുന്‍പില്‍ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നതെന്ന് സിജു പറയുന്നു.

എപ്പോഴാണ് ജീവിതത്തിലേയ്ക്ക് സിനിമ കടന്നുവന്നത് എന്ന് അറിയില്ല. ചെറുപ്പത്തില്‍
ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ടിവിയുടെ മുന്‍പില്‍ ആയിരിക്കും. തങ്ങളുടെ വീട്ടില്‍ ടിവി ഉണ്ടായിരുന്നില്ല. അയല്‍ വീടുകളിലും ഒരു കിലോമീറ്ററിനടുത്തുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയാണ് ടിവി കണ്ടിരുന്നത്.

എന്നാല്‍ ഫുള്‍ ടൈം ടിവിയ്ക്ക് മുന്നില്‍ ഇരുന്നതിന് അയല്‍ വീട്ടില്‍ നിന്നൊക്കെ ഇറക്കിവിട്ട അനുഭവമുണ്ട്. എന്നാലും താന്‍ പുറത്തിറങ്ങി ജനലരികില്‍ നിന്ന് ടിവി കാണുമായിരുന്നെന്ന് സിജു പറയുന്നു.

തങ്ങളുടെ കുടുംബത്തില്‍ അച്ഛനായിരുന്നു സിനിമാ ക്രേസ് ഉണ്ടായിരുന്നത്. ഏത് സിനിമ ഇറങ്ങിയാലും അച്ഛന്‍ ആദ്യമേ പോയി കാണും. ഫാമിലിയെ കൊണ്ടുപോകാന്‍ പറ്റില്ലായിരിക്കും, അച്ഛന്‍ പോയി കാണുമായിരുന്നു.

ഇംഗ്ലീഷ് സിനിമകളോടായിരുന്നു അച്ഛന് താത്പര്യം. ജാക്കി ചാന്‍, അര്‍ണോള്‍ഡ് സിനിമകളൊക്കെ ഇറങ്ങിക്കഴിഞ്ഞാല്‍ പോയി കാണുമായിരുന്നു. തന്നെയും ഇടക്കൊക്കെ സിനിമയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാണ് അച്ഛന്‍ മരണപ്പെട്ടത്. പിന്നീട് അമ്മയുടേയും സഹോദരിയുടേയും തോളിലായിരുന്നു ജീവിതം.

പ്ലസ് ടു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഡിസിഷന്‍ എടുക്കേണ്ട സമയമാണ്.
എന്നാല്‍ ഫോക്കസ് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഒരു ആറ് മാസം ഞാന്‍ എന്തുചെയ്യണം എന്ന് ആലോചിക്കാന്‍ സമയമെടുത്തു. പക്ഷേ വെറുതെ ഇരുന്നില്ല. എന്റെ വീടിന്റെ അടുത്ത് ഒരു ഫാമിലി ഫ്രണ്ടിന്റെ വീട് പണി നടക്കുന്നുണ്ടായിരുന്നു.
അവിടെ സൂപ്പര്‍ വൈസറായി ജോലിയ്ക്ക് പോയിരുന്നു. 1500 രൂപയായിരുന്നു ആദ്യ സാലറിയെന്നും സിജു പറയുന്നു.

ബിഎസ്സി നഴ്‌സിംഗ് പഠിക്കാന്‍ ബാംഗ്ലൂരില്‍ പോയി. ആറ് മാസം നഷ്ടപ്പെടുത്താതെ ആ കോഴ്‌സ് ചെയ്യാനും എല്ലാവരും പറഞ്ഞു. അങ്ങനെ പോളി ടെക്‌നിക്കില്‍ നിന്നും നഴ്‌സിങ് പഠിക്കാന്‍ ബാംഗ്ലൂരിലേയ്ക്ക് വിട്ടു. അവിടെ നിന്ന് നഴ്‌സിങ് പഠിച്ചു. ഒപ്പം ഇംഗ്ലീഷും പഠിക്കാമെന്നൊക്കെയാണ് വിചാരിച്ചത്.

എന്നാല്‍ അവിടെ ചെന്നപ്പോള്‍ മുഴുവന്‍ മലയാളികളായിരുന്നു. അതോടെ എല്ലാവരോടും മലയാളത്തില്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഡിഗ്രി കഴിഞ്ഞതോടെ ഇനി എന്ത് ചെയ്യുമെന്ന് ഒരു ഐഡിയ ഇല്ലാതെ ഇരിക്കുന്ന സമയം വീണ്ടും വന്നു. അപ്പോഴാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ഒഡീഷന് പോയത്. അവിടുന്ന് അല്‍ഫോണ്‍സ് പുത്രനുമായുള്ള പരിചയം തുടങ്ങി.

അല്‍ഫോണ്‍സ് പുത്രന്‍ സുഹൃത്തായി, അങ്ങനെ അല്‍ഫോണ്‍സിനോട് സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യവും പറഞ്ഞു. അത് പറയാന്‍ തന്നെ മടിയുണ്ടായിരുന്നു. കാരണം സ്വന്തമായി കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. അങ്ങനെ അല്‍ഫോണ്‍സാണ് മോട്ടിവേറ്റ് ചെയ്ത്, മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ഓഡീഷനിലേയ്ക്ക് ഫോട്ടോ അയച്ചത്.

അല്‍ഫോണ്‍സ് എടുത്ത ഫോട്ടോ ആണ് അയച്ചിരുന്നത്. 6000 പേരില്‍ നിന്ന് 120 പേരുടെ ലിസ്റ്റാക്കി ചുരുക്കി. അതില്‍ നിന്ന് 20 പേരെ തെരഞ്ഞെടുത്തു. ആ 20 പേരില്‍ ഞാനുണ്ടായിരുന്നു. മുന്‍നിര അഞ്ച് പേരില്‍ വന്നില്ലെങ്കിലും സിനിമയില്‍ ചെറിയ റോളുകള്‍ വിനീത് എല്ലാവര്‍ക്കും നല്‍കിയിരുന്നു. അതില്‍ ഒരാളായി ഞാനും. ആദ്യമായി ഒരു ഒഡീഷനില്‍ പോയി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വേഷമായിരുന്നു അതില്‍ ചെയ്തത്.

ഇതിനിടയില്‍ വീട്ടില്‍ നിന്നും സമ്മര്‍ദ്ദം ഏറി. അതിന് പിന്നാലെയാണ് അല്‍ഫോണ്‍സിന്റെ തന്നെ ‘പ്രേമം’ വരുന്നത്. കരിയര്‍ മാറ്റിയ സിനിമയായിരുന്നു പ്രേമം. ഇത്രത്തോളം ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. പ്രേമത്തില്‍ നിന്നാണ് ‘ഹാപ്പി വെഡ്ഡിംങി’ലേയ്ക്ക് ഒമര്‍ ലുലുവും വിളിച്ചത്.

‘ഹാപ്പി വെഡ്ഡിംങി’ല്‍ ആദ്യത്തെ സോളോ ഹീറോ പെര്‍ഫോമന്‍സ് ആയിരുന്നു അത്. ആ സിനിമയും വലിയ വിജയമായി. കരിയറില്‍ എനിക്ക് ഏറ്റവും കടപ്പാടുള്ളത് അല്‍ഫോണ്‍സിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ പൂര്‍ണ പിന്തുണ നല്‍കിയ കുടുംബത്തിനോടുമെന്നും സിജു പറയുന്നു.