സോനു സൂദ് താങ്ങായതോടെ ഈ പതിനൊന്നുകാരിക്ക് പരസഹായമില്ലാതെ നടക്കാം

ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നതിനേക്കാള്‍ മികച്ച സന്തോഷം ജീവിതത്തില്‍ ഇല്ല. നടന്‍ സോനു സൂദ് അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തെ പുഞ്ചിരി കണ്ട് സന്തോഷിക്കുകയാണ്. ഈ സൂപ്പര്‍ഹീറോ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ സഹായിച്ച…

ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നതിനേക്കാള്‍ മികച്ച സന്തോഷം ജീവിതത്തില്‍ ഇല്ല. നടന്‍ സോനു സൂദ് അത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തെ പുഞ്ചിരി കണ്ട് സന്തോഷിക്കുകയാണ്. ഈ സൂപ്പര്‍ഹീറോ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ സഹായിച്ച പെണ്‍കുട്ടിയുമായി അടുത്തിടെ കണ്ടുമുട്ടി. സോനു സൂദ് ശസ്ത്രക്രിയയ്ക്ക് സഹായിച്ചതിനാല്‍ ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ നടക്കാന്‍ കഴിയും.

ജനിച്ചതു മുതല്‍ നട്ടെല്ലിന് തകരാറ് ഉണ്ടായിരുന്നു പതിനൊന്നുകാരിയായ ജാന്‍വിയ്ക്ക്. അത് കാരണം അവള്‍ക്ക് ശരിയായി നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവളുടെ ചികിത്സിയ്ക്ക് എട്ടു ലക്ഷം രൂപ വേണമായിരുന്നു. എന്നാല്‍ ജാന്‍വിയുടെ പിതാവിന് അത് താങ്ങാന്‍ കഴിഞ്ഞില്ല. സോനു സൂദ് ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, അദ്ദേഹം തല്‍ക്ഷണം പെണ്‍കുട്ടിയെ സഹായിച്ചു.

പെണ്‍കുട്ടി തനിയെ നില്‍ക്കുന്നതും നടക്കുന്നതും കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു! അവളുടെ പുഞ്ചിരി കാണുന്നത് ഞങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഫലമുണ്ടായെന്നറിയുന്നു. ജാന്‍വിക്ക് ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു,’ അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത്, എണ്ണമറ്റ ആളുകളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് ശേഷം സോനു സൂദ് ഒരു ദേശീയ നായകനായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് വയനാടിലെ കുട്ടികളേയും സഹായിച്ചിരുന്നു നടന്‍. വയനാട് ജില്ലയിലെ തിരുനെല്ലിയില്‍ നെറ്റ് വര്‍ക്ക് പ്രശ്നം കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടുകളുളള സ്ഥലങ്ങളില്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തത് കാരണം കുട്ടികളില്‍ പലരും കിലോമീറ്ററുകളോളം താണ്ടി നെറ്റ്വര്‍ക്ക് ഉളള സ്ഥലങ്ങളിലേക്ക് എത്തിയാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്. ഇവിടേക്ക് എത്തുന്ന കുട്ടികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ച ഒരു ഷെഡിലിരുന്നാണ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്. ഇത് വാര്‍ത്തയായതോടെ സോനു സൂദ് ട്വിറ്ററില്‍ സഹായം പ്രഖ്യാപിച്ച് രംഗത്ത് എത്തുകയായിരുന്നു. ആര്‍ക്കും പഠനം നഷ്ടമാകില്ലെന്നും താന്‍ വയനാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ടീമിനെ അയക്കുകയാണ് എന്നുമായിരുന്നു സോനു സൂദ് അറിയിച്ചത്.