
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ എടുത്ത ഒരു സുപ്രധാന തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 201 റൺസിന് ഓൾ ഔട്ടായതോടെ, ആതിഥേയരെ ഫോളോ ഓൺ (Follow On) ചെയ്യിക്കാൻ ബാവുമയ്ക്ക് അവസരം ലഭിച്ചു. എന്നാൽ, രണ്ട് മിനിറ്റ് നീണ്ട ചർച്ചകൾക്കൊടുവിൽ ഫോളോ ഓൺ വേണ്ടെന്ന് വെച്ച് ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
തീരുമാനത്തിന് പിന്നിലെന്ത്?
ഫോളോ ഓണിനെക്കുറിച്ച് അംപയർമാർ ചോദിച്ചപ്പോൾ, “രണ്ട് മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ” എന്നായിരുന്നു ബാവുമയുടെ മറുപടി. ഉടൻ തന്നെ ഡ്രെസ്സിങ് റൂമിനടുത്തേക്ക് ഓടിപ്പോയ ബാവുമ, പരിശീലകനുൾപ്പെടെയുള്ളവരുമായി സംസാരിച്ച ശേഷമാണ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്.
ഇന്ത്യയെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടായിട്ടും ബാവുമ ഈ അവസരം ഒഴിവാക്കിയത് കമന്റേറ്റർമാർക്കിടയിലും ആരാധകർക്കിടയിലും കൗതുകമുണ്ടാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ തീരുമാനങ്ങളിൽ ഒന്നാണ് ഫോളോ ഓൺ.
സ്വന്തം നാട്ടിൽ ഇന്ത്യ അവസാനമായി ഫോളോ ഓൺ നേരിട്ടത് 2010-ലാണ്. അന്നും എതിരാളികൾ ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു. ആ മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും ആറ് റൺസിനും തോൽക്കുകയും ചെയ്തു. സ്വന്തം മണ്ണിൽ ഇന്ത്യ ആകെ മൂന്ന് തവണ മാത്രമാണ് ഫോളോ ഓൺ വഴങ്ങിയിട്ടുള്ളത്. ഈ ചരിത്ര പശ്ചാത്തലം നിലനിൽക്കെയാണ് ബാവുമയുടെ ഈ തീരുമാനം.











