കാക്കിക്കുള്ളിലെ കളിക്കാരി; ഇന്ത്യൻ വനിതാ ടീമിലെ മികച്ച ഓൾ റൗണ്ടർ, എന്നതിലുപരി ദീപ്തി ഒരു DSP കൂടിയാണ് 

കളി കളത്തിൽ കൂളാണ് ദീപ്തി. എന്നാൽ എതിരാളികൾക്ക് എപ്പോഴും പേടി സ്വപ്നം. ഇന്ത്യൻ ക്രിക്കറ്റിന് രണ്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരുണ്ട്. ഒരാൾ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പമാണ്. പേര് മുഹമ്മദ് സിറാജ്. മറ്റൊരാൾ വനിത ടീമിനൊപ്പവും. പേര് ദീപ്തി ശർമ.

2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ “മാതൃകാപരവും ചരിത്രപരവുമായ പ്രകടനത്തിന്” ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇന്ത്യൻ ഓൾറൗണ്ടറുമായ ദീപ്തി ശർമ്മയെ ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രാജീവ് കൃഷ്ണ അഭിനന്ദിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കുശാൽ ഖിലാഡി യോജനയ്ക്ക് കീഴിൽ ഡിഎസ്പിയായി ഉത്തർപ്രദേശ് പോലീസിലാണ് ദീപ്തി പ്രവർത്തിക്കുന്നത്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ പ്രഹരമേൽപ്പിക്കാനാവുന്ന താരം, ഇന്ത്യൻ ടീമിന്റെ ഓൾ റൗണ്ടർ . എന്നാൽ ദീപ്തി കടന്നു വന്ന വഴികൾ അത്ര എളുപ്പമായിരുന്നില്ല .  2017 ലെ ലോകകപ്പ് ടീമിൽ ദീപ്തിയും ഉണ്ടായിരുന്നു, അവർ ഫൈനലിൽ വരെ എത്തിയെങ്കിലും അവസാന കടമ്പയിൽ വീണു. ആ സീസണിൽ,  ധാരാളം വിമർശനങ്ങൾ നേരിട്ടു. 2023 ലെ ടി20 ലോകകപ്പ് സെമിഫൈനലിലും കോമൺ‌വെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ മത്സരത്തിലും ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റപ്പോഴും സമാനമായ ഒരു രീതി പിന്തുടർന്നു.

അതുകൊണ്ടുതന്നെ  ഈ ലോകകപ്പ് സ്വയം തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു ദീപ്തിയ്ക്ക്. മികച്ച പ്രകടനങ്ങളിലൂടെ തൻ്റെ പ്രതിഭ അവർ ലോകത്തോട് വിളിച്ച് പറയുകയും ചെയ്തു. മറ്റ് നിരവധി മത്സരങ്ങളിലെന്ന പോലെദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലിൽ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചതും ദീപ്തിയായിരുന്നു. 58 റൺസ് നേടിയ ദീപ്തി, തുടർന്ന് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകർത്തു. ഇന്ത്യയ്ക്ക് അവരുടെ കന്നി വനിതാ ലോകകപ്പ് കിരീടം നേടാൻ സഹായിച്ചു.