
ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐപിഎല്ലിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കിരീടത്തിനായി 10 ടീമുകൾ 13 വേദികളിലായി കൊമ്പുകോർക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്റെ പതിനെട്ടാം സീസണാണ് നാളെ കൊൽക്കത്തയിൽ തുടക്കം കുറിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം കൊടിയേറുന്നത്. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില് ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാൻ കഴിയും.
എന്നാൽ ക്രിക്കറ്റ് ആരാധകർക്ക് ആവേശം കെടുത്തുന്ന ഒരു വാർത്തയാണ് കൊൽക്കത്തയിൽ നിന്നും എത്തുന്നത്, നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. കാലവസ്ഥാ വകുപ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഇത് മത്സരത്തിന് തടസ്സമാകുമോ എന്നാണ് ആശങ്ക. അതേസമയം , അടിമുടി മാറിയാണ് ടീമുകൾ ഐപിഎല്ലിലെ പതിനെട്ടാം സീസണ് ഒരുങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസ്,കൊല്‍ക്കത്ത, ലക്നൗ, പഞ്ചാബ് കിംഗ്സ്, ആർസിബി ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാർ വന്നു. ഹൈദരാബാദിന്റെ പാറ്റ് കമ്മിൻസ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റൻ. ഇത്തവണ 13 വേദികളിലും ഉദ്ഘാടന ചടങ്ങുകൾ നടത്താനാണ് ബിസിസിഐ തീരുമാനം. ബോളിവുഡ് താരങ്ങളടക്കം ഉദ്ഘാടന പരിപാടികളില്‍ അണിനിരക്കും.











