Malayalam Article

പേടിച്ചുപോയോ…?,ഇത് ഗോതമ്പും തക്കാളിയും ചേര്‍ത്തുള്ള ശ്രീജിത്തിന്റെ മേക്കപ്പാണ്

ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ പലരും പലതും ചെയ്യും. ശ്രീജിത് കലൈഅരശ് ചെയ്തത് ആരെയും ‘ഞെട്ടിപ്പിക്കുന്ന’ മാര്‍ഗ്ഗവും. ഇതൊക്കെ ഗോതമ്പും തക്കാളിയും ചേര്‍ന്ന ഭീകര മേക്കപ്പ്. സംഭവം ഏറ്റു- ശ്രീജിത് അങ്ങനെ സിനിമയിലെ മേക്കപ്പ്മാനായി!!

ചെറിയ കമ്പിപ്പാര മുഖത്തൂടെ കുത്തിയിറക്കിയത്, മൂക്കിലെ മുറിവ് തുളച്ച് ചുണ്ടുവിരല്‍ പുറത്തുവന്നത്, അഴുകിയ കൈവരില്‍ നിന്ന് എല്ലുകള്‍ പുറഞ്ചാടുന്നത് കാലിലെ മുറിവ് പഴുത്ത് വ്രണമായത്, വിരല്‍ അറ്റ് പോയത്. ശ്രീജിത്ത് കലൈഅരശ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ മൊത്തം ഹൊറര്‍ മയമാണ്. ചിത്രങ്ങള്‍ക്കെല്ലാം ലൈക്കുകളും കമന്റുകളും. ‘എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്ന പടങ്ങളിടുതെന്ന് ചിലരെങ്കിലും ഇന്‍ബോക്‌സില്‍ വന്നു ചോദിക്കും. അവരോട് ശ്രീജിത്ത് പുഞ്ചിരി സ്‌മൈലിയിട്ട ശേഷം പറയും- ‘ ഫേസ്ബുക്കാണ് എന്നെ രെു മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കിയതെന്ന്’

ഫേസ്ബുക്ക് ലൈക്കുകള്‍ ശ്രീജിത്ത് കലൈഅരശ് എന്ന കലാകാരനെ വളര്‍ത്തിയ കഥ ഇങ്ങനെയാണ്. വിദ്യാഭ്യാസത്തിന് ശേഷം പലമേഖലകള്‍ തേടുകയായിന്നു ശ്രീജിത്ത് അന്ന്. പിതാവ് കലൈഅരശ് ഫോട്ടോഗ്രാഫറായതുകൊണ്ട് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ചെറുപ്പത്തില്‍ തന്നെ അറിയാമായിരുന്നു. അത്യാവശ്യം കല്യാണ വര്‍ക്കുകളും ഷോര്‍ട്ട്ഫിലുമകളായി മുന്നോട്ട് പോകുന്ന കാലം. ചിത്രം വരയായിരുന്നു അന്നത്തെ ഹോബി. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. പക്ഷെ ലൈക്കുകള്‍ വലുതായില്ല. ലൈക്ക് ക്ഷാമം ആ ചെറുപ്പക്കാരനെ ജീവിതത്തെ സംബന്ധിച്ച ഒരു നിര്‍ണായക തീരുമാനം എടുപ്പിച്ചു. ചിത്രം വര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായിരുന്നു ആ തീരുമാനം.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് കഠിനമായി ആലോചിച്ച് നടന്നു. അങ്ങനെയിരിക്കെയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം വന്നത്. പോയി അഭിനയിച്ചു. ബഡ്ജറ്റ് കമ്മിയായതുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നില്ല. അവസാനം ശ്രീജിത്ത് ആ ജോലി ഏറ്റെടുത്തു. ആദ്യത്തെ വര്‍ക്ക് തരക്കേടില്ലാതെ നടന്നു. പക്ഷെ ആരും നല്ലതും പറഞ്ഞില്ല മോശവും പറഞ്ഞില്ല. പിന്നീട് ഒരു സുഹൃത്ത് മുഖേനെ തെയ്യത്തിന് ചായമിടാന്‍ കുറച്ചുനാള്‍ പോയി. തെയ്യത്തിന് ചുട്ടികുത്തിയപ്പോള്‍ അവനൊരു തിരിച്ചറിവുണ്ടായി ഇതാണ് തന്റെ വഴിയെന്ന്.

മേക്കപ്പ് അക്കാദമിക് ആയോ, അമേച്ച്വറായോ പരിശീലിക്കാതെ എങ്ങനെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകുമെന്നൊരു ചോദ്യം മനസില്‍ വന്നു. ആകെയുള്ളത് ഈ മേഖലയോടുള്ള താല്‍പര്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്ന വാചകം ശ്രീജിത്തിനെ സംബന്ധിച്ച് സത്യമാണ്. മേക്കപ്പ് പരിശീലിക്കാന്‍ തന്നെ തീരുമാനിച്ചു. ഗൂഗിളിനേയും യൂട്യൂബിനെയും ഗുരുവായി തെരഞ്ഞെടുത്തു. കുറെ വായിച്ചു, യൂട്യൂബില്‍ ടൂട്ടോറിയലുകള്‍ നിരവധി കണ്ടു. എന്തു പരിശീലനമാണെങ്കിലും തിയറി മാത്രം പോരല്ലോ, അങ്ങനെയാണ് പ്രാക്ടിക്കല്‍ ചെയ്തു നോക്കാന്‍ തീരുമാനിച്ചത്.

കടമ്പകള്‍ പലതാണ്. രണ്ടു മണിക്കൂറോളാം പരീക്ഷിക്കാന്‍ ഇരുന്നു തരുന്ന ക്ഷമയുള്ള മോഡല്‍ വേണം, പിന്നെ മേക്കപ്പ് സാധന സാമഗ്രികള്‍ വാങ്ങാന്‍ പണം വേണം. തന്നെയുമല്ല, മേക്കപ്പിന് ഉപയോഗിക്കുന്ന ലാറ്റക്‌സ്, വാക്‌സ് എന്നിവ എറണാകുളത്തുള്ള പട്ടണം റഷീദിന്റെ ഷോപ്പിലെ കിട്ടു, അതിനാണേല്‍ പൊള്ളുന്ന വിലയുമാണ്. മുറിവുകളും വ്രണങ്ങളും ഉണ്ടാക്കാന്‍ വാക്‌സും ലാറ്റക്‌സുമാണ് സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉപോഗിക്കുന്നത്, അതിന് പകരം ഉപയോഗിക്കാവുന്ന സാധനങ്ങള്‍ കണ്ടെത്തണം. റിസര്‍ച്ച് തുടങ്ങി. അരിമാവില്‍ ഫെവിക്കോള്‍ ചാലിച്ചൊരു പരീക്ഷണം. അത് ചീറ്റി. പിന്നെ അരിമാവിന് പകരം കടലമാവാക്കി. ആ പരീക്ഷണം എട്ടുനിലയില്‍ പൊട്ടി. മൂന്നാമതാണ് ഗോതമ്പുമാവ് പരീക്ഷിച്ചത്. സംഗതി ക്ലിക്ക്. ഗോതമ്പുമാവും വാട്ടര്‍കളറും ടൊമാറ്റൊ ടെച്ചപ്പും ഉപയോഗിച്ച് മുറിവുകളും വ്രണങ്ങളും ഉണ്ടാക്കാമെന്ന് ശ്രീജിത്ത് തിരിച്ചറിഞ്ഞു.

ഇനി വേണ്ടത് ക്ഷമയുള്ള മോഡലിനെയണ്. ആദ്യം വീട്ടുകരെയാണ് സമീപിച്ചത്. അമ്മ തങ്കമണിയോട് സംസാരിച്ചു. സിനിമയിലെ സാധാരണ മേക്കപ്പാണെന്ന് വിചാരിച്ചു അമ്മ സമ്മതം മൂളി. ഗൂഗുളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പടം കാണിച്ചപ്പോള്‍ അമ്മ സമ്മതിച്ചില്ല. വളരെ വികൃതമായ മുറിവാണ് അമ്മയുടെ മുഖത്ത് ചെയ്യാനിരുന്നത്. ഞാനീപ്പരിപാടിക്ക് ഇല്ലെന്ന് അമ്മ ദേഷ്യപ്പെട്ട് പറഞ്ഞതോടെ ആറ്റുനോറ്റ് കണ്ടെത്തിയ മോഡലും പോയി. ആറ്റിങ്ങല്‍ ഹോമിയോ ആശുപത്രിയിലെ അസിസ്റ്റന്‍ഡ് നഴ്‌സാണെങ്കിലും മുറിവും വ്രണവും കാണുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.

ഉണ്ടായിരുന്ന മോഡല്‍ പോയതോടെ സ്വയം മോഡലാകാന്‍ തീരുമാനമെടുത്തു. മുഖത്ത് ചെയ്യാമെന്ന് വിചാരിച്ചത് കൈയിലാക്കി. ഇടതുകൈത്തണ്ടയില്‍ മുറിവിന്റെ മേക്കപ്പ് ഇട്ടു. സ്‌പെഷ്യല്‍ ഇഫക്ട് ഫീല്‍ ചെയ്യുന്ന രീതിയിലാണ് മുറിവ് ചെയ്തത്. അനിയന്‍ ശ്രീരാജ് കുറച്ചു നേരം അടുത്തൂടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഗോതമ്പ് മാവ് ഒട്ടിച്ച് കളറൊക്കെ ചെയ്തു കഴിഞ്ഞപ്പോഴെക്കും അനിയന്‍ സ്ഥലം വിട്ടു. അവന്‍ പണ്ടേ ലോല ഹൃദയനാണ്. അമ്മയെ കാണിക്കാന്‍ ചെന്നപ്പോള്‍ അമ്മ ചീത്ത വിളിച്ചു. ഒറിജിനാലിറ്റിക്ക് വേണ്ടി സൈഡിലൊരു ബ്ലേഡും വെച്ചു ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു.

അത്യാവശ്യം ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് ആയി. പിന്നെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ലൈക്കുകള്‍ കൂടി, അഭിനന്ദനങ്ങള്‍ കമന്റായും മെസേജായും വന്നു തുടങ്ങി. ഫേസ്ബുക്കിലെ ഫോട്ടോകള്‍ കണ്ട് ബാംഗ്ലൂരില്‍ നിന്നൊരു ഷോര്‍ട്ട്ഫിലിമിന്റെ ആള്‍ക്കാര്‍ വിളിച്ചു. അവിടെ പോയി മേക്കപ്പിട്ടുകൊടുത്തു. അവര്‍ക്ക് വേണ്ടത് ഐ സിനിമയിലെ വിക്രമിന്റെ മേക്കപ്പായിരുന്നു.

ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഇതു രണ്ടുമില്ലാത്തപ്പോള്‍ പെയിന്റിങ് ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് സിനിമയില്‍ നിന്ന് അവസരം വന്നത്. ഫേസ്ബുക്കിലെ ചിത്രങ്ങള്‍ കണ്ട ഒരു തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ചു. അദ്ദേഹത്തിന്റെ ‘ ഒരു താരം ഉദയമാകിറത്’ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തു. ‘ഒരു വാതില്‍ക്കോട്ടെ’ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലാണ് ഇപ്പോള്‍ അവസരം ലഭിച്ചത്. ഫേസ്ബുക്കില്‍ ലഭിച്ച പ്രോത്സാഹനമാണ് തന്നെ ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് ആക്കിയതെന്ന് ശ്രീജിത്ത് പറയും.

സ്വന്തം പരീക്ഷണങ്ങള്‍ ഒരുപാട് നടത്തുന്നുണ്ട് കിളിമാനൂര്‍ സ്വദേശിയായ ശ്രീജിത്ത്. ലോകം അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്നാണ് ലക്ഷ്യം. ചെലവു കുറഞ്ഞ രീതിയില്‍ മേക്കപ്പിന് പറ്റിയ റോ മെറ്റീരിയല്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം സ്വയം മോഡലായുള്ള പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്.

Trending

To Top
Don`t copy text!