‘ബിജെപിയുടേയോ ആർഎസ്എസിൻറെയോ വകയായി ശ്രീരാമനെ കാണുന്നത് കുഴപ്പം’; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ​ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനമാണ് വിവാദമായത്.…

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ​ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനമാണ് വിവാദമായത്. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പെന്നാണ് ശ്രീകുമാരൻ തമ്പി ചോദിക്കുന്നത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.

ശ്രീരാമനെ ആർഎസ്എസിൻറെ വകയായി കാണേണ്ടതില്ലെന്ന് ശ്രീകുമാരൻ തമ്പി ഓർമ്മിപ്പിച്ചു. ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്.
എം ടി വാസുദേവൻ നായർ മലയാളത്തിൻറെ തലമുതിർന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിൻറെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിർത്തും അനുകൂലിച്ചും പ്രതികരിച്ചു. എന്നാൽ, ആരും എംടിയെ ചീത്ത പറഞ്ഞില്ല. പക്ഷേ, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനുമുണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. എൻറെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തിൽ ഉൾപ്പെട്ടകാര്യമാണ്. ബിജെപിയുടോയൊ ആർഎസ്എസിൻറെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.