‘കൈയിലിരുപ്പ് കൂടിയപ്പോള്‍ ഒന്ന് വര്‍ക്ഷോപ്പില്‍ കയറി’!!! അസുഖത്തെ കുറിച്ച് സുബി പറഞ്ഞത്

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും. ദിവസങ്ങള്‍ക്ക് മുന്നെ പോലും ചിരിച്ച മുഖത്തോടെ വീഡിയോയിലെത്തിയിരുന്ന താരത്തിന്റെ വിയോഗം തീര്‍ത്തും ഞെട്ടിക്കുന്നതാണ്. താരം തന്നെ വിവാഹം അടുത്തുണ്ടാകുമെന്ന സന്തോഷവും പങ്കുവച്ചിരുന്നു.…

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും. ദിവസങ്ങള്‍ക്ക് മുന്നെ പോലും ചിരിച്ച മുഖത്തോടെ വീഡിയോയിലെത്തിയിരുന്ന താരത്തിന്റെ വിയോഗം തീര്‍ത്തും ഞെട്ടിക്കുന്നതാണ്. താരം തന്നെ വിവാഹം അടുത്തുണ്ടാകുമെന്ന സന്തോഷവും പങ്കുവച്ചിരുന്നു. അതിനിടെയാണ് വിയോഗ വാര്‍ത്ത എത്തിയത്. കരള്‍ മാറ്റിവയ്ക്കാനിരിക്കെയാണ് സുബിയുടെ അകാല വേര്‍പാട്.

സിനിമാ സീരിയല്‍ താരവും അവകാരകയും കോമഡി ആര്‍ട്ടിസ്റ്റുമായെല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് സുബി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നല്ലൊരു വ്‌ലോഗര്‍ കൂടിയാണ്. കുറച്ചുനാള്‍ മുമ്പ് വീഡിയോകളില്‍ എത്താതിരുന്നപ്പോള്‍ സുബി തന്നെ തന്റെ രോഗ വിവരം പങ്കുവച്ചിരുന്നു.

കൃത്യസമയത്ത് താന്‍ ഭക്ഷണം കഴിയ്ക്കാറില്ലായിരുന്നു, അതാണ് തന്നെ ബാധിച്ചതെന്ന് സുബി പറഞ്ഞിരുന്നു. ‘കയ്യിലിരിപ്പ് കൊണ്ടാണ് ആരോഗ്യം നാശമായതെന്നും അതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും ഉറങ്ങണമെന്നും’ തന്റെ സ്വതസിദ്ധമായ ഭാഷയില്‍ സുബി പറഞ്ഞിരുന്നു.

ആഹാരം കഴിക്കാതെയിരുന്ന് ഛര്‍ദി മാത്രമായി ഒരു ആഹാരവും ശരീരത്തിലേക്ക് ചെല്ലാതെ ഗ്യാസ്ട്രിക് പ്രശ്‌നം ഉണ്ടായി ഗ്യാസ്‌ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു. പാന്‍ക്രിയാസില്‍ ഒരു സ്റ്റോണ്‍ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാന്‍ക്രിയാസിലെ സ്റ്റോണ്‍ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കില്‍ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ’ എന്ന് സുബി ആരാധകരോട് കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു.

കുറച്ചു നാളായി വീഡിയോകളൊന്നും ഇടാത്തതിന്റെ കാരണമായിട്ടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ഞാന്‍ ഒന്നു വര്‍ക്ഷോപ്പില്‍ കയറി. എന്റെ കൈയിലിരുപ്പു കൂടി കുറച്ചു നന്നാകണമല്ലോ, വേറൊന്നുമല്ല സമയത്തിന് ആഹാരം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക ഇങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലാത്തതു കൊണ്ട് എല്ലാം കൂടി ഒരുമിച്ചു വന്നു.

ഒരു ഷൂട്ടിനു പോകേണ്ടതിന്റെ തലേദിവസം മുതല്‍ ഒട്ടും വയ്യാതെയായി. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നം, ആഹാരം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ ഛര്‍ദിയും ഉണ്ടായിരുന്നു. കരിക്കിന്‍ വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദിക്കുമായിരുന്നു. രണ്ട് ദിവസം ആഹാരം കഴിക്കാതിരുന്നാല്‍ എന്റെ ശരീരം താങ്ങില്ലല്ലോ. അങ്ങനെ വല്ലാതെ തളര്‍ന്നു പോയി.

ഗ്യാസ്ട്രിക് പ്ലോബ്ലം ഒക്കെ വന്നപ്പോള്‍ നെഞ്ചും പുറവുമൊക്കെ ഭയങ്കര വേദന. എനിക്ക് ടെന്‍ഷനായി. ഷോള്‍ഡറിന് വേദന വന്നപ്പോള്‍ പോയി ഇസിജി എടുത്തു നോക്കി. അതില്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ കുറച്ച് പൊട്ടാസ്യം കുറവുണ്ടായിരുന്നു. അത് നേരത്തെ എന്നെ ചികിത്സിച്ചിരുന്ന രാജഗിരിയിലെ ഡോക്ടറും പറഞ്ഞിരുന്നു. അതൊക്കെ കഴിഞ്ഞിട്ടും മരുന്നൊന്നും കറക്ടായിട്ട് കഴിച്ചില്ലായിരുന്നു. ഷൂട്ടും യാത്രയുമൊക്കെയായി നടന്നു. എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്- സുബി പറഞ്ഞു.

എന്നാല്‍ അങ്ങനെയല്ല, കുറേ നാളായി പ്രോഗ്രാം ഒന്നുമില്ലാതിരുന്നിട്ട് ഒരു പ്രോഗ്രാം കിട്ടുമ്പോള്‍ വീട്ടിലിരിക്കാന്‍ ഇഷ്ടമില്ലാതെ പ്രോഗ്രാമിനായി പോകും. പ്രോഗ്രാം ചെയ്യാനായി ആര്‍ത്തിയുള്ള ഒരാളാണ്. പൈസയോടല്ല, വര്‍ക്ക് ചെയ്യാനായി ക്രെയ്‌സ് ആണെനിക്ക്. കൂടെ കട്ടക്ക് നില്‍ക്കാനായി ഫാമിലിയുമുണ്ട്. യാത്ര ചെയ്യാന്‍ അനിയനുമുണ്ട്. അപ്പോള്‍ ജോളിയായിട്ട് അങ്ങു പോകാമല്ലോ എന്നു വിചാരിച്ച് ഒന്നും ശ്രദ്ധിക്കാതെ നടന്നു.

സമയത്ത് ആഹാരം കഴിക്കാത്തതിന്റെ പേരില്‍ അനിയനും അമ്മയുമൊക്കെ വഴക്കു പറയും. ആഗ്രഹമുള്ള എന്തു സാധനം വേണമെങ്കിലും മേടിച്ചു തരാനായി അനിയനും അമ്മയുമൊക്കെ തയ്യാറാണ്. പക്ഷേ എനിക്ക് കഴിക്കാനായുള്ള മൈന്‍ഡ് വരില്ല. വിശന്നാല്‍ കഴിക്കണം എന്നല്ല എനിക്ക് തോന്നിയാല്‍ മാത്രമേ ഞാന്‍ ആഹാരം കഴിക്കൂ. അതൊക്കെ എന്റെ ദുശീലമാണ് അതെല്ലാവരും മനസ്സിലാക്കണം.

ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടില്‍ വന്നു കിടന്നാല്‍ വൈകുന്നേരം നാലിനും അഞ്ചുമണിക്കും ഒക്കെയാണ് എഴുന്നേല്‍ക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാല്‍ തന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടിപിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം. ദിവസത്തില്‍ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്.

അങ്ങനെയാണ് പത്തു ദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത്. ഹോസ്പിറ്റലില്‍ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോള്‍ രണ്ടു മൂന്നു കിലോയൊക്കെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്നെപോലെ ഒഴപ്പുന്ന ആര്‍ട്ടിസ്റ്റുകള്‍ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാന്‍ പറ്റുന്നത് ഇഷ്ടമുള്ളത് കഴിക്കുക.

ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക. ഇഷ്ടമുളള എന്താണെങ്കിലും നട്‌സോ ഫ്രൂട്ട്‌സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്ടര്‍ പറയുന്നത്. പ്രത്യേകിച്ച് ഏത്തപ്പഴം, മാതളം, അവക്കാഡോ, ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ചീര കഴിക്കുക. കാരറ്റും കുക്കുമ്പറും കുറച്ചു നാരങ്ങ ഒക്കെ പിഴിഞ്ഞ് സാലഡ് ഒക്കെ ഉണ്ടാക്കി കഴിക്കുക.

ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ. എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവര്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുന്‍പോട്ട് പോകാന്‍ പറ്റും. ശരീരം നന്നായി എല്ലാവരും ശ്രദ്ധിക്കണമെന്ന സ്‌നേഹ പൂര്‍ണമുള്ള ഉപദേശവും താരം നല്‍കിയിരുന്നു. ഇതെല്ലാം സുബിയുടെ വിയോഗത്തില്‍ ആരാധകരുടെ കണ്ണ് നിറയ്ക്കുകയാണ്.