‘ പാത്തുവിന്റെ നൈറ്റി ഇട്ട് ജ്വല്ലറി ഉദ്ഘാടനം ചെയ്യാന്‍ പോയിട്ടുണ്ട്’; സുരഭി ലക്ഷ്മി

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുരഭി ലക്ഷ്മി. നാഷണല്‍ അവാര്‍ഡിന് വരെ താരം അര്‍ഹയായെങ്കിലും പ്രേക്ഷകര്‍ക്ക് സുരഭിയെന്നാല്‍ ആദ്യം ഓര്‍മ്മയിലെത്തുക എം 80 മൂസ എന്ന സീരിയലിലെ പാത്തുവാണ്. സുരഭിയുടെ പാത്തു എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപെട്ടിരുന്നു.…

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുരഭി ലക്ഷ്മി. നാഷണല്‍ അവാര്‍ഡിന് വരെ താരം അര്‍ഹയായെങ്കിലും പ്രേക്ഷകര്‍ക്ക് സുരഭിയെന്നാല്‍ ആദ്യം ഓര്‍മ്മയിലെത്തുക എം 80 മൂസ എന്ന സീരിയലിലെ പാത്തുവാണ്. സുരഭിയുടെ പാത്തു എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപെട്ടിരുന്നു.

വേറിട്ട സംസാരശൈലിയും നിഷ്‌കളങ്കതയുമുള്ള പാത്തു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്രയേറെ സ്‌നേഹിച്ചിരുന്നു അതിനു ശേഷം ഒരുപാട് പരസ്യങ്ങളിലും ഉദ്ഘാടനങ്ങളിലും സുരഭി ലക്ഷ്മി അതേ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാത്തു എന്ന കഥാപാത്രം നാട്ടിന്‍ പുറത്തെ ഒരു സാധാരണ സ്ത്രീയായതിനാല്‍ തന്നെ സുരഭിയെ പ്രേക്ഷകര്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളായി തന്നെയാണ് കണ്ടതും. ഇപ്പോഴിതാ സുരഭിയുടെ ചില തുറന്നു പറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്. ഉദ്ഘാടനങ്ങള്‍ക്ക് പാത്തു എന്ന കഥാപാത്രം ഉപയോഗിക്കുന്ന നൈറ്റിയുമിട്ട് പോയിട്ടുണ്ടെന്നും ഇപ്പോഴാണ് മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയതെന്നുമാണ് സുരഭി പറഞ്ഞത്. കുറി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിലാണ് സുരഭി ഇങ്ങനെ പറഞ്ഞത്.

‘എം 80 മൂസയിലെ പാത്തു എന്ന ക്യാരക്ടറിന് ഞങ്ങളുടെ നാട്ടിലൊക്കെയുള്ള അറുപത് എഴുപത് വര്ഷം മുന്‍പുള്ള ഉമ്മമാര്‍ സംസാരിക്കുന്ന രീതിയാണ്. ഞാന്‍ ഒരു നാട്ടിന്‍ പുറത്ത് നിന്നും വന്നിട്ടുള്ള ആളായത് കൊണ്ട് എന്റെ അകത്തും ആ സ്വഭാവ സവിശേഷതകള്‍ ഉണ്ടാകും. ആളുകള്‍ പെട്ടെന്നു എന്നെ തിരിച്ചറിയുന്നത് പാത്തു എന്ന ക്യാരക്ടറിലൂടെയായിരിക്കും. അതുകൊണ്ട് ആളുകള്‍ പെട്ടെന്ന് അടുത്തേക്ക് വരും. നാഷണല്‍ അവാര്‍ഡ് കിട്ടി കഴിഞ്ഞതിന് ശേഷവും ആളുകള്‍ വിളിക്കുന്നത് ഈ ടൈപ്പ് ക്യാരക്ടറിനായത് കൊണ്ട് അത് ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് ഒക്കെ പോയിക്കൊണ്ടിരുന്നത് നൈറ്റി ഇട്ടിട്ടാണ്. ജ്വല്ലറിയും ടെക്‌സ്‌റ്റൈല്‍സുമെല്ലാം നൈറ്റി ഇട്ടുപോയി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മാറ്റം വന്നത്.’ സുരഭി പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന കുറി എന്ന ചത്രമാണ് സുരഭിയുടെതായി ഇനി റീലീസാകാനുള്ളത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. കൊക്കേഴ്‌സ് മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജൂലൈ എട്ടിനാണ് ഈ ചിത്രം റിലീസാകുന്നത്.