കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഭരണകൂട ഭീകരതയ്ക്ക് 37 വര്‍ഷം!! ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. എണ്‍പതുകളില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവമാണ് രതീഷ് സ്‌ക്രീനിലെത്തിക്കുന്നത്. ‘തങ്കമണി’ സംഭവം നടന്ന് ഇന്ന് 37 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സിനിമാ ജീവിതത്തിലെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ സിനിമ കൂടിയാണ് ‘തങ്കമണി’.ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നായികമാരാവുന്നത് നീത പിളള, പ്രണിത സുഭാഷുമാണ്. അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍രൊക്കെയാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

1986 ഒക്ടോബര്‍ 21നാണ് വിവാദ സംഭവം നടന്നത്. ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായി. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയതാണ് തങ്കമണി സംഭവം. ഇതാണ് സിനിമയാകുന്നത്.