Film News

നീണ്ട ഇടവേള എടുക്കുന്നു!!! ആറ് മാസം റാഹയ്ക്ക് വേണ്ടി മാത്രം- രണ്‍ബീര്‍ കപൂര്‍

ബോളിവുഡിന്റെ പ്രിയ താരമാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. കഴിഞ്ഞ വര്‍ഷമാണ് റണ്‍ബീറിനും ആലിയയ്ക്കും മാലാഖ കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് റാഹയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയത്. കുഞ്ഞിന്റെ മുഖം ഇതുവരെ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ മകളെ കുറിച്ച് റണ്‍ബീര്‍ പറയുന്നതാണ് ശ്രദ്ധേയമാകുന്നത്. മകള്‍ ജനിച്ചപ്പോഴേ തങ്ങളില്‍ ആരെങ്കിലും ഒരാള്‍ കുഞ്ഞിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഒരു സൂം സെഷനിലാണ് റണ്‍ബീര്‍ മകളെ കുറിച്ച് പറയുന്നത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രൊഫഷണല്‍ വിശേഷങ്ങളും താരം പങ്കുവെച്ചു. മകള്‍ക്ക് വേണ്ടി താന്‍ നീണ്ട അവധിയെടുക്കുന്നെന്നാണ് താരം വെളിപ്പെടുത്തിയത്.

‘ഞാന്‍ ഒരു നീണ്ട ഇടവേള എടുക്കുന്നു. അഞ്ചാറു മാസം ഞാന്‍ വീട്ടിലുണ്ടാകും. ഇത് എപ്പോഴും എന്റെ പ്ലാനില്‍ ഉണ്ടായിരുന്നു. കാരണം റാഹ ജനിച്ചപ്പോള്‍, ഞാന്‍ ‘അനിമലി’ന് വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു, എനിക്ക് അവള്‍ക്ക് സമയം നല്‍കാന്‍ കഴിഞ്ഞില്ല. എനിക്ക് പറ്റെര്‍ണിറ്റി ലീവ് എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഈ ശരിയായ സമയത്ത് എനിക്ക് അത് കിട്ടി. കാരണം അവള്‍ ഇപ്പോള്‍ വളരെ എക്‌സ്പ്രസീവ് ആണ്. ആളുകളെ തിരിച്ചറിയുന്നു. പാ, മാ തുടങ്ങിയ വാക്കുകള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. ഇതൊരു മനോഹരമായ സമയമാണ്,’ എന്നാണ് രണ്‍ബീര്‍ പറയുന്നത്.

ആലിയ ഭട്ട് പുതിയ ചിത്രം ‘ജിഗ്ര’യുടെ ഷൂട്ടിംഗുമായി തിരക്കിലാണ്. ‘അതിനര്‍ത്ഥം റാഹയെ എനിക്കായി മാത്രം കിട്ടുന്നു എന്നാണ്,’ രണ്‍ബീര്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു. വാസന്‍ ബാല സംവിധാനെ ചെയ്യുന്ന ചിത്രമാണ്
‘ജിഗ്ര’.

‘അനിമല്‍,’ ‘ബ്രഹ്‌മാസ്ത്ര 2’ തുടങ്ങിയ പ്രോജക്ടുകളാണ് റണ്‍ബീറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘അനിമലി’ന് ശേഷം താന്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. തന്റെ സമയം മകള്‍ റാഹയ്ക്കു വേണ്ടി സമര്‍പ്പിക്കുകയാണെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് അനിമല്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബ്രഹ്‌മാസ്ത്ര 2’ ന്റെ തിരക്കഥ തയ്യാറാണെന്നും അടുത്ത വര്‍ഷം അവസാനം ചിത്രീകരണം ആരംഭിച്ചേക്കുമെന്നും താരം പറയുന്നു.

Trending

To Top