2018 ലെ പ്രളയത്തിന് മുന്നില്‍ ഒരുമിച്ച് നിന്ന് പോരാടിയ ധൈര്യശാലികളായ മലയാളികളുടെ കഥ!!

2018 ല്‍ കേരള ജനത നേരിട്ട മഹാപ്രളയം ഒരു സിനിമയ്ക്കുള്ള പശ്ചാത്തലമാവുകയാണ് ജൂഡ് ആന്റണി ചിത്രത്തിലൂടെ. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്, മലയാളത്തിലെ…

2018 ല്‍ കേരള ജനത നേരിട്ട മഹാപ്രളയം ഒരു സിനിമയ്ക്കുള്ള പശ്ചാത്തലമാവുകയാണ് ജൂഡ് ആന്റണി ചിത്രത്തിലൂടെ. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നാണ് സിനിമയുടെ പേര്, മലയാളത്തിലെ വമ്പന്‍താരനിര അണിനിരക്കുന്ന സിനിമയാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അവരവരുടെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്,

അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരുടെ പേരുകളാണ് പുറത്തിറക്കിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. സിനിമയെ കുറിച്ച് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്..

ജൂഡ് ആന്റണി പങ്കുവെച്ച സിനിമയെ കുറിച്ചുള്ള കുറിപ്പ് വായിക്കാം..

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് impossible എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ Akhil P Dharmajan, എന്റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി. ആന്റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ഒരു art director Mohandas, എന്റെ മണിചേട്ടന്‍, Akhil George എന്ന സഹോദരതുല്യനും പ്രതിഭയുമായ cameraman , Editor Chaman എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി.(പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്.

ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you. Kavya Films ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു. 2018- Everyone is a HERO .. The story of the brave Keralites who fought together the flood that drenched the state in 2018. .. Unveiling the title of the movie.. Revealing the story of the real heroes.
‘EVERYONE IS A HERO’