Film News

ബൈക്കില്‍ ഉലകം ചുറ്റിക്കറങ്ങാന്‍ അജിത്ത്!!! രണ്ടാംഘട്ട യാത്ര സെപ്റ്റംബറില്‍, യാത്ര ചിത്രീകരിക്കാന്‍ ഒപ്പം നീരവും

വെള്ളിത്തിരയിലെ സൂപ്പര്‍താരം മാത്രമല്ല നടന്‍ അജിത്ത്, സൂപ്പര്‍ റൈഡര്‍ കൂടിയാണ്. സൂപ്പര്‍ ബൈക്കില്‍ ചുറ്റുന്ന താരത്തിന്റെ വീഡിയോകളെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ ഉലകം ചുറ്റിക്കറങ്ങാനുള്ള ഒരുക്കത്തിലാണ് അജിത്ത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി യാത്രയുടെ ആദ്യ ഘട്ടം താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ബൈക്കില്‍ അജിത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കറങ്ങിയിരുന്നു. ഈ യാത്രയുടെ അജിത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

‘എകെ 62’ പൂര്‍ത്തിയാക്കിയ ശേഷം ഉലകം ചുറ്റും യാത്രയുടെ രണ്ടാം ഭാഗം ആരംഭിക്കുമെന്ന് അജിത്ത് പറഞ്ഞിരുന്നു. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രം ‘വിടാമുയര്‍ച്ചി’ ഒക്ടോബറോടെ പൂര്‍ത്തിയാക്കി, നവംബറില്‍ രണ്ടാം ഘട്ട യാത്ര ആരംഭിക്കാനാണ് താരത്തിന്റെ തീരുമാനം.

രണ്ടാം ഘട്ടത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്റുമാണ് അജിത്ത് പൂര്‍ത്തിയാക്കുന്നത്. ഈ യാത്രയില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ നീരവ് ഷായും യാത്രയില്‍ അജിത്തിനെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് ഇത്തരം യാത്ര. തന്റെ ലോക യാത്ര ചിത്രീകരിക്കണമെന്ന ആഗ്രഹവും അജിത്തിനുണ്ട്. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് നീരവ്.

ആദ്യ ഘട്ടത്തിലെ വീഡിയോകള്‍ എല്ലാം എഡിറ്റിംഗ് പൂര്‍ത്തിയാക്കി അജിത്തിന് കൈമാറിയിട്ടുണ്ട്. പക്ഷേ വ്യക്തി ജീവിതത്തില്‍ സ്വകാര്യത സൂക്ഷിക്കുന്ന അജിത്ത് ആ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല. അത് ആരാധകരെ നിരാശപ്പെടുത്തിയേക്കാം.

Trending

To Top