കക്കൂസുണ്ടോ എന്ന് ചോദിക്കാതെ കക്കൂസുണ്ടോ എന്ന് അറിയാൻ സാധിക്കുകയില്ല ആൻസി വിഷ്ണു !!

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ഭാരത് ജോഡോ യാത്രയെ പറ്റി പറയുന്ന വാക്കുകളാണ്…

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത വ്യക്തിയാണ് ആൻസി വിഷ്ണു, അതുകൊണ്ട് തന്നെ ആൻസി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ഭാരത് ജോഡോ യാത്രയെ പറ്റി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ പുതിയ രാഷ്ട്രീയ മുന്നേറ്റമായി തന്നെ കാണുവാനാണ് എനിക്കിഷ്ട്ടം. രാജ്യത്തിന്റെ നാനാ പ്രദേശങ്ങളിലെ മനുഷ്യരെയും അവരുടെ പ്രശ്നങ്ങളെയും മനസിലാക്കാതെ ഒരു ഭരണ മുന്നേറ്റമോ, വികസനമോ സാധ്യമാണ് എന്നെനിക്ക് തോന്നുന്നില്ല. രാഷ്ട്രീയം എന്തുമാകട്ടെ, ഏതുമാകട്ടെ. ജനങ്ങളിലേക്ക് നേതാക്കൾ പ്രശ്നങ്ങൾ ചോദിച്ചു കൊണ്ട്, അവരുടെ കുറവുകൾ ചോദിച്ചുകൊണ്ട് ഇറങ്ങുന്നു എന്നതിൽ തന്നെ ഒരു ലക്ഷ്യമുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ യാത്ര തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന 5 മാസം ദൈർഘ്യമുള്ള കാൽ നട യാത്രയിൽ 149 സ്ഥിരം ജാഥ അംഗങ്ങൾ ഉണ്ട്… അതിൽ മൂന്നിലൊന്ന് സ്ത്രീകളുമാണ്. ജാഥയിൽ ഓരോ പ്രദേശത്തു നിന്ന് പ്രാദേശികമായി കൂടുതൽ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്യും. 2022 സെപ്റ്റംബർ 6 പദ യാത്ര ഔദോഗികമായി ഉത്‌ഘാടനം ചെയ്തുവെങ്കിലും യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചത് സെപ്തംബർ 7 നാണ്. 146 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ശ്രീനഗറിൽ സമാപിക്കുന്നു. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും.

22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. തമിഴ്നാടിൽ നിന്ന് ആരംഭിക്കുന്ന യാത്ര കേരളം, കർണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ദൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് ജമ്മുവിലെ ശ്രീനഗറിൽ സമാപിക്കും. യാത്രയുടെ നായകനായ രാഹുൽ ഷിപ്പിങ് കണ്ടെയ്‌നർ കാബിനിലാണ് താമസിക്കുക… ശുചിമുറി, കിടപ്പുമുറി എല്ലാം അങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടെ യാത്ര ചെയ്യുന്ന ജാഥ അംഗങ്ങൾക്കും ഷിപ്പിംഗ് കണ്ടൈനറിലാണ് താമസം. വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കോൺഗ്രസ്സിൻെറ ശക്തികേന്ദ്രങ്ങളെ കൂടുതൽ ഒന്നിപ്പിച്ച് നിർത്തുകയെന്നാണ് യാത്ര ലക്ഷ്യമിടുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഭാരത് ജോഡോ യാത്ര എന്ന ലക്ഷ്യത്തെ കുറിച്ച് ഞാൻ മനസിലാക്കിയത് ഇങ്ങനെയാണ്, ഇത്രയുമാണ്. ഇതിൽ തെറ്റ് ഉണ്ടായേക്കാം. കാൽനടയായി യാത്ര ചെയ്യുന്ന മനുഷ്യർക്ക് ഇടക്ക് ഒന്ന് മൂത്രമൊഴിക്കണ്ടെ,വെള്ളം കുടിക്കണ്ടെ , ഭക്ഷണം കഴിക്കണ്ടെ, രാഹുൽ ഗാന്ധി തട്ട് കടയിൽ നിന്ന് ദോശ കഴിച്ചു, രാഹുൽ ഗാന്ധി ഹോട്ടൽ ൽ നിന്ന് മീൻകറി കൂട്ടി ചോറുണ്ടു എന്നൊക്കെ പറഞ് വിമർശിക്കുന്നവരോട് ഞാൻ ചോദിക്കുകയാണ് സാമാന്യ ബോധമുണ്ടോ മനുഷ്യരെ നിങ്ങൾക്ക്. കേരളത്തിന്റെ ഭക്ഷണത്തോട് കേരളത്തിന്റെ സംസ്‍കാരത്തോട് ആർക്കാണ് കൗതുകം തോന്നാത്തത്. മീൻ കറി കൂട്ടി ചോറ് കഴിക്കുക എന്നത് രാഹുൽ ഗാന്ധി എന്ന നേതാവിന്റെ അവകാശമല്ലേ, അയാൾ ഒരു വലിയ നേതാവാണ് എന്നിരിക്കെ അയാൾക്ക് വിശക്കില്ലേ? ദാഹിക്കില്ലേ? വെയിൽ കൊണ്ടാൽ ക്ഷീണം വരില്ലേ, അപ്പോൾ കുറച്ച് കരിക്കിൻ വെള്ളം കിട്ടിയാൽ കുടിക്കില്ലേ… അതോ ഇനി നേതാക്കന്മാർക്ക് ഇതൊന്നും പാടില്ലെന്നുണ്ടോ??? അങ്ങനെയെങ്കിൽ ഏത് പാർട്ടിയിലെ, ഏത് നേതാവിനാണ് ഞെളിയുവാൻ അന്തസ്സ്.

എന്റെ രാഷ്ട്രീയമല്ല ഞാൻ എഴുതിയത്. ഭാരത് ജോഡോ യാത്രയെ വളെരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു പൗരൻ എന്ന നിലയിലാണ്. കക്കൂസുണ്ടോ എന്ന് ചോദിക്കാതെ കക്കൂസുണ്ടോ എന്ന് അറിയാൻ സാധിക്കുകയില്ല. ഇത്തരം മുന്നേറ്റങ്ങളും ചോദ്യങ്ങളും വളെരെ പ്രതീക്ഷ നൽകുന്നു. ഇത്തരം മുന്നേറ്റങ്ങൾ തന്നെയാണ് ഭാരതത്തെ നയിക്കുന്നത്. തൊണ്ണൂറ്റിയൊന്നിൽ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ആ ദിവസം അപ്പുപ്പന് വിളമ്പി വെച്ച കഞ്ഞി തൊട്ട് പോലും നോക്കാതെ അപ്പുപ്പൻ എഴുന്നേറ്റ് പോയി, പലക പൊട്ടിയ കട്ടിലിൽ മിണ്ടാതെ കിടന്നെന്ന് അമ്മ പറഞ്ഞത് ഓർക്കുന്നു ഞാൻ.പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് അപ്പുപ്പൻ കുറച്ച് കഞ്ഞിവെള്ളം കുടിച്ചത് എന്നും അമ്മ പറഞ് ഓർക്കുന്നു ഞാൻ. അപ്പുപ്പൻ വോട്ട് ചെയ്ത് വരുമ്പോൾ മഷി പറ്റിയ വിരലിൽ തൊട്ട് ഞാൻ ചോദിക്കാറുണ്ട് ആർക്കാ വോട്ട് ചെയ്‌തെ എന്ന്, അപ്പോഴൊക്കെ അപ്പുപ്പൻ ചിറി കോടി ചിരിച്ച് അകത്തേക്ക് പോകാറുണ്ട്. അപ്പുപ്പന് രാഷ്ട്രീയവും രാഷ്ട്രീയതിന്റെ കളികളും അറിയില്ലായിരുന്നു. എന്നിട്ടും രാജീവ്‌ ഗാന്ധി മരിച്ച അന്ന് അപ്പുപ്പൻ ആരോടും മിണ്ടിയില്ല, വെള്ളം പോലും കുടിച്ചില്ല… അത്ര കണ്ട് സാധാരണ മനുഷ്യരുടെ നേതാവായിരുന്നു രാജീവ്‌. രാജീവ്‌ ഗാന്ധിയുടെ മകനാണ് രാഹുൽ ഗാന്ധി, അതിനേക്കാൾ രാഹുൽ ഗാന്ധി എന്ന നേതാവിനെ രേഖപ്പെടുത്താൻ പോകുന്നത് ഭാരത് ജോഡോ യാത്രയുടെ നായകൻ എന്നാകും, കസേരയിൽ കയറിയിരുന്ന് വിമർശിക്കുന്നവരും കളിയാക്കുന്നവരും രാഹുൽ ഗാന്ധി എന്ന നേതാവിനെയും അദ്ദേഹത്തിന്റെ കയ്യൊപ്പുകളെയും വായിക്കാത്തവരാണ്.. എന്ത് തെറ്റ് ചെയ്താലും തന്റെ പാർട്ടിയെ ചത്ത് കിടന്ന് ന്യായികരിക്കുന്നവർ ഈ രാഷ്ട്രീയ മുന്നേറ്റത്തെ വെറുതെ ചെളി വാരിയെറിയരുത്..