‘ചിലയിടത്തേക്ക് ഒരു ലോ കോസ്റ്റ് കാന്താര എഫക്ട്, പകുതിക്ക് ശേഷം ആര്‍ആര്‍ആര്‍’

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആദ്യമേ…

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആദ്യമേ തന്നെ പറയട്ടെ കടുത്ത അയ്യപ്പഭക്തര്‍ക്ക് മാത്രം ഇഷ്ടപ്പെടാവുന്ന ഒരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയതെന്നാണ് അരുണ്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെയാണ് ഇവിടെ(hyd) മാളികപ്പുറം റിലീസായത്. ട്രെയിലര്‍ കണ്ടപ്പോള്‍ സിനിമ കാണണമെന്ന് ഒരു ആഗ്രഹവും ഇല്ലായിരുന്നു. പക്ഷേ ഇത്രയും വിവാദങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഒന്ന് കണ്ടുകളയാം എന്ന് കരുതി.
ആദ്യമേ തന്നെ പറയട്ടെ കടുത്ത അയ്യപ്പഭക്തര്‍ക്ക് മാത്രം ഇഷ്ടപ്പെടാവുന്ന ഒരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. ചെറുപ്പം മുതലേ ദൈവം സങ്കല്പവുമായിട്ട് വലിയ കണക്ഷന്‍ ഒന്നുമില്ലാത്തതുകൊണ്ടും, അത് ചെറുതായി തോന്നിയ സമയത്ത് പോലും അയ്യപ്പനോട് യാതൊരുവിധ ആഭിമുഖ്യവും തോന്നിയിട്ടില്ല. പലപ്പോഴും തോന്നാറുണ്ട്, താരതമ്യേന എന്‍ട്രി ലെവലില്‍ നില്‍ക്കുന്ന ഗണപതിയുടെ അത്ര പോപ്പുലാരിറ്റി പോലും അയ്യപ്പന് ഇല്ല.
ഇനി സിനിമയിലേക്ക് വരാം. വളരെ ചെലവ് ചുരുക്കി എടുത്ത് സിനിമയാണെന്ന് ഓരോ സീനില്‍ നിന്നും മനസ്സിലാക്കാം. പക്ഷേ മുടക്കിയ കാശിന് നല്ല രീതിയില്‍ അവര്‍ ചെയ്തു വച്ചിട്ടുണ്ട്. ചിലയിടത്തേക്ക് ഒരു ലോ കോസ്റ്റ് കാന്താര എഫക്ട് വരുന്നുണ്ട്. പകുതിക്ക് ശേഷം RRR ലെ ഒരു സീന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആദ്യപകുതി ഒരു സാദാ ടിവി സീരിയല്‍ പോലെ കടന്നുപോകും. എടുത്തുപറയേണ്ടത് ഒരു ടിപ്പിക്കല്‍ തെലുങ്ക് സിനിമകളില്‍ പോലും ഇന്നും കാണാന്‍ സാധിക്കാത്ത രീതിയിലുള്ള outdated ആയിട്ടുള്ള വില്ലന്റെ intro ആണ്.
പക്ഷേ രണ്ടാം പകുതിയില്‍ കഥ കുറച്ചൊക്കെ മാറി ചെറിയതോതില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലേക്ക് മാറും. ക്ലൈമാക്‌സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ട്രെയിലര്‍ കണ്ടു നമ്മള്‍ ഊഹിക്കുന്ന ഒരു അവസാനത്തില്‍ നിന്ന് കുറച്ചു വ്യത്യാസമായി ലോജിക് അനുസരിച്ച് നിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു.
അയ്യപ്പ ഭക്തരെ സംബന്ധിച്ച് വളരെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്. മറ്റുള്ളവര്‍ക്ക് അവരുടെ ചിന്താഗതി പോലെ ഇരിക്കും.
വാല്‍ക്കഷണം: മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയിലെ നന്ദി പ്രകാശനം കണ്ടപ്പോള്‍, ഇനിയെങ്കിലും ഒരു മാറ്റം വരുമെന്ന് കരുതി. ഈ സിനിമയില്‍ ഏറ്റവും വെറുപ്പിക്കല്‍ ആയി തോന്നിയത്, മിനിറ്റുകള്‍ നീളുന്ന നന്ദി പറച്ചില്‍ ആണ്. അതില്‍ അവസാനം Akumfa(all Kerala unni mukundan fans) ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഭാഗം വന്നപ്പോള്‍, തിയേറ്ററിലെ പലര്‍ക്കും ചിരിയാണ് വന്നതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.