കോവിഡ് പോര്‍ട്ടല്‍ ലിങ്കിനു പകരം പോണ്‍ഹബ് ലിങ്ക്; ക്ഷമാപണവുമായി ആരോഗ്യമന്ത്രാലയം

ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയാതെ പോസ്റ്റ് ചെയ്ത ലിങ്കില്‍ കുടുങ്ങി കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. കാനഡയിലെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്വന്തം പോര്‍ട്ടലിലേക്കുള്ള ലിങ്ക് എന്ന…

ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയാതെ പോസ്റ്റ് ചെയ്ത ലിങ്കില്‍ കുടുങ്ങി കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. കാനഡയിലെ കൊവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്വന്തം പോര്‍ട്ടലിലേക്കുള്ള ലിങ്ക് എന്ന നിലയ്ക്ക് പോസ്റ്റ് ചെയ്ത ലിങ്കാണ് മാറിപ്പോയത്. ലോകത്തേറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള പോണ്‍ ഹബിന്റെ ലിങ്കായിരുന്നു ഇവര്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തത്.

കൊവിഡ് പോര്‍ട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനെന്നുള്ള തലക്കെട്ടോടുകൂടിയാണ് പോണ്‍ ഹബിന്റെ ലിങ്ക് പോസ്റ്റ് ചെയ്തത്. കിഴക്കന്‍ കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നായ ക്യൂബെക്കിലാണ് സംഭവം. ട്വീറ്റ് ചെയ്ത് അല്‍പ്പ സമയത്തിനകം തന്നെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലായി. നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് ട്വീറ്റിന് കമന്റുകളിട്ടത്. ഇതോടെ അധികൃതര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

എന്നാല്‍, അതിന്റെ സ്‌ക്രീന്‍ ഷോട്ട് അതിവേഗം വൈറലായിരുന്നു. പിന്നീട് സ്വന്തം ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു തന്നെ നിര്‍വ്യാജമായ ഖേദപ്രകടനവുമായി അധികൃതര്‍ എത്തി. നിരവധി പേര്‍ സംഭവവുമായി ബന്ധപ്പെട്ട ട്രോളുകളുണ്ടാക്കി. മറ്റു ചിലര്‍ മന്ത്രാലയത്തെ ചീത്ത വിളിച്ച് കമന്റുകളിട്ടു. മറ്റു ചിലരാകട്ടെ ഈ അബദ്ധം കാണിച്ച ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് കാമ്പെയിനും ആരംഭിച്ചു. അതേസമയം അവിചാരിതമായ സാഹചര്യത്തില്‍ അത്തരമൊരു ലിങ്ക് ട്വീറ്റ് ചെയ്തു പോയതായി എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് ഉത്തരമായി ക്യുബെക് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.