‘ഇത്തരക്കാരെ തെരുവില്‍ തൂക്കിലേറ്റണം’, 13 വയസ്സുകാരി പൊലീസ് സ്റ്റേഷനില്‍ പീഡനത്തിനിരയായ സംഭവത്തില്‍ റിതേഷ് ദേശ്മുഖ്

രാജ്യത്തിനെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ബലാത്സംഗ പരാതിയുമായി സ്റ്റേഷനിലെത്തിയ 13കാരിയെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പീഡിപ്പിച്ചത്. യുപിയിലെ ലളിത്പൂരിലാണ് സംഭവം. സ്റ്റേഷന്‍ എസ്എച്ച്ഒ തിലക്ധാരി സരോജ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തുകയും…

രാജ്യത്തിനെ ഒന്നാകെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ബലാത്സംഗ പരാതിയുമായി സ്റ്റേഷനിലെത്തിയ 13കാരിയെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പീഡിപ്പിച്ചത്. യുപിയിലെ ലളിത്പൂരിലാണ് സംഭവം. സ്റ്റേഷന്‍ എസ്എച്ച്ഒ തിലക്ധാരി സരോജ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 22 ന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടു പോയി. നാല് ദിവസം തടവില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പിന്നീട് പൊലീസ് സ്റ്റേഷനുമുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരാതി നല്‍കാനായി എത്തിയ പെണ്‍കുട്ടിയെ പിറ്റേ ദിവസം മൊഴി നല്‍കാന്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ച് അമ്മായിയുടെ കൂടെ വിട്ടു.

എന്നാല്‍ കുട്ടിയെ കണ്ടുകിട്ടിയ വിവരം മാതാപിതാക്കളെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ല. മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത്. ഏപ്രില്‍ 30ന് വീണ്ടും സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറിയപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ‘എസ്എച്ച്ഒയും ഇരയുടെ അമ്മായിയും ഉള്‍പ്പെടെ ആറ് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എച്ച്ഒയെ പ്രയാഗ്രാജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്,’ എഡിജി (കാന്‍പൂര്‍ സോണ്‍) ഭാനു ഭാസ്‌കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ചന്ദന്‍, രജഭന്‍, ഹരിശങ്കര്‍, മഹേന്ദ്ര ചൗര്യ എന്നിവര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ അമ്മായി, സ്റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.

ഇതിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് രംഗത്തെത്തി. സംരക്ഷകന്‍ വേട്ടക്കാരനായാല്‍ നീതി തേടി ആളുകള്‍ എവിടെ പോകും? ഇത്തരക്കാരെ തെരുവില്‍ തൂക്കിക്കൊല്ലണം. സര്‍ക്കാര്‍ നടപടിയെടുക്കണം പെട്ടെന്ന്.’- നടന്‍ ട്വീറ്റ് ചെയ്തു.