അശ്ശീല വീഡിയോ ചിത്രീകരണം; പൂനം പാണ്ഡേക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം

നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഗോവ പോലീസ്. അശ്ശീല വിഡിയോ ചിത്രീകരിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്…

നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഗോവ പോലീസ്. അശ്ശീല വിഡിയോ ചിത്രീകരിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

39 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും മറ്റു നിരവധി തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് പോലീസ് ഇൻസ്‌പെക്ടർ പ്രവീണ് ഗവാസ് പറഞ്ഞു. അതിക്രമിച്ച് കടക്കൽ, അശ്ശീല വീഡിയോ പ്രചരിപ്പിക്കൽ അശ്ശീലത എന്നവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

 

2020 ലാണ് കേസിലേക്ക് നയിച്ച സംഭവം നടക്കുന്നത്. ഗോവയിലെ ചാപോളി ഡാമിൽ വച്ചു നടത്തിയ വീഡിയോയാണ് വിവാദമായത്. വിഡിയോയിൽ നഗ്നത പ്രദർശനമാണെന്നും ഇത് ഗോവൻ സംസ്‌ക്കാരത്തെ നശിപ്പിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് ചുണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമിൽ അതിക്രമിച്ച് കയറിയതിനും വിഡിയോ ചിത്രീകരിച്ചതിനും സംസ്ഥാന ജലവിഭവ വകുപ്പാണ് പരാതി നൽകിയത്. ഗോവയിലെ ഫോർവേർഡ് പാർട്ടിയുടെ വനിത വിഭാഗവും താരത്തിനെതിരെ പരാതി നൽകിയിരുന്നു.

വലിയ വിവാദമാണ് ഗോവയിൽ വിഡിയോ ചിത്രീകരണം ഉണ്ടാക്കിയത്. അന്ന് സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെിരെ നടപടിയും സ്വീകരിച്ചിരുന്നു. വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകിയതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (ക്രിമിനല്‍ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതു സ്ഥലത്ത് ഏതെങ്കിലും അശ്ലീലച്ചുവയുള്ള പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും പാണ്ഡെയ്ക്കും മുന്‍ ഭര്‍ത്താവിനുമെതിരെ ചുമത്തിയിട്ടുണ്ട്.