Film News

ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷം!! പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ത്ത 2018 ടീമിനെ അഭിനന്ദിച്ച് വൈശാഖ്

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമായി മാറിയിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. പുലിമുരുകന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയാണ് 2018ന്റെ ജൈത്ര യാത്ര. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്‍’.

ഇപ്പോഴിതാ 2018ന്റെ നേട്ടത്തില്‍ അഭിനന്ദിച്ചിരിക്കുകയാണ് പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ്. വളരെ എളുപ്പത്തില്‍ തന്നെ 100 കോടി ക്ലബിലെത്തിയ ‘2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വൈശാഖ് അഭിനന്ദിച്ചു. എല്ലാവരും ഹീറോയായ ഈ സിനിമയോടുകൂടി മലയാള സിനിമ ഇന്‍ഡസ്ട്രി വലിയൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് എന്നും വൈശാഖ് പറഞ്ഞു.

”ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. മലയാള സിനിമയിലെ ഏറ്റവും വേഗമേറിയ 100 കോടി ചിത്രം. ഈ നാഴികക്കല്ലിന് ‘2018’ ടീമിന് അഭിനന്ദനങ്ങള്‍. മോളിവുഡ് ഇന്‍ഡസ്ട്രി എന്തൊരു തിരിച്ചുവരവ് ആണ് നടത്തിയത്. എല്ലാവരും ഹീറോ ആണ്’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഒടിടിയുടെ കാലത്തും തിയറ്ററുകളിലെ ജനത്തിരക്ക് കൊണ്ട് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയ സിനിമയാണ് ‘പുലിമുരുകന്‍’. ‘2018’ന് മുന്‍പ് മലയാള സിനിമയില്‍ ഇത്രയും വലിയ ബോക്‌സ്ഓഫിസ് ചലനം സൃഷ്ടിച്ചത് പുലിമുരുകനാണെന്നാണ് റിപ്പോര്‍ട്ട്.

റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ടാണ് ‘2018’ നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം തിരുത്തി തിയറ്ററുകളില്‍ വന്‍ വിജയകരമായി മുന്നേറുകയാണ് ‘2018 Everyone Is A Hero’. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് കോടിക്കു മുകളില്‍ ഗ്രോസ് ലഭിക്കുന്ന ആദ്യ ചിത്രമാണ് ‘2018’.

ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ്, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍.

Trending

To Top