Film News

‘കഥാപാത്രത്തിനായി 15 കിലോ ശരീര ഭാരം കുറച്ച ടൊവിനോ’

നടന്‍ ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഡോ. ബിജു. ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നില്‍ക്കാന്‍ സാധിക്കുന്ന അഭിനയമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒന്നാകെ തോന്നിയ പ്രകടനമാണ് ടൊവിനോ ‘അദൃശ്യ ജാലകങ്ങള്‍’ എന്ന തന്റെ സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് ഡോ. ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”പ്രിയപ്പെട്ട ടൊവിനോയ്ക്ക് ജന്മദിനാശംസകള്‍. നടന്‍ എന്ന നിലയില്‍ ഈ വര്‍ഷം നിങ്ങളുടെ ഒരു ഗംഭീര വര്‍ഷം ആകട്ടെ. അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നല്‍കിയ അര്‍പ്പണതയ്ക്ക് ഏറെ നന്ദി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ശരീര ഭാരം കുറയ്ക്കണം എന്ന നിര്‍ദേശം പാലിച്ച് ടൊവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയാറെടുത്ത്. എല്ലാ ദിവസവും ഷൂട്ടിന് മുന്‍പ് രണ്ടു മണിക്കൂര്‍ നീളുന്ന മേക്കപ്പ്. ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍.

അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്നേ സെറ്റില്‍ മേക്കപ്പ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നില്‍ എത്തുന്ന ടൊവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂര്‍ കൂടി കഴിഞ്ഞേ സെറ്റില്‍ നിന്നും പോകൂ.

അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളില്‍ രാത്രി മാത്രം ആയിരുന്നു. സന്ധ്യയ്ക്ക് മുന്‍പേ സെറ്റില്‍ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോള്‍ സെറ്റില്‍ തന്നെ മേക്കപ്പ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത്. എല്ലാ മാനറിസങ്ങളും ശരീരഭാഷയും പുതുക്കി പണിത ഒരു ടൊവിനോയെ ആണ് അദൃശ്യ ജാലകത്തില്‍ കാണാവുന്നത്. സബ്റ്റില്‍ ആയി അതിശയിപ്പിക്കുന്ന അഭിനയം. ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നില്‍ക്കാന്‍ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം. നടന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങള്‍ ഏറെ പ്രിയപ്പെട്ട ഒരാള്‍ ആണ്. നടന്‍ എന്ന നിലയില്‍ ഈ വര്‍ഷം നിങ്ങളുടേതാണ്.. ജന്മ ദിനാശംസകള്‍ പ്രിയ ടൊവിനോ.”ഡോ.ബിജു കുറിച്ചു.

Trending

To Top