Film News

ചോര പുരണ്ട മോതിരം, ഖുറേഷി അബ്രാം എത്തുന്നു! തരം​ഗമായി പോസ്റ്റർ

മലയാളത്തിൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജും മോ​ഹൻലാലും ലൂസിഫറിന്റെ രണ്ടാം ഭാ​ഗവുമായി എത്തുമ്പോൾ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ഒരു വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷകൾ. 2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിലാണ് എമ്പുരാൻ പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ഷൂട്ടിം​ഗ് നീണ്ടുപോവുകയായിരുന്നു. എമ്പുരാന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാൻറെ ഒരു അപ്ഡേറ്റ് ഇന്ന് എത്തുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ദിവസം കൂടി കാത്തിരിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന അപ്ഡേറ്റ് എത്തുമെന്ന് ഉറപ്പായതോടെ ആരാധകർ ആവേശത്തിലാണ്. ഈ അപ്ഡേറ്റിന്റെ ഭാ​ഗമായി പുറത്തിറക്കിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ലൂസിഫറിൽ മോഹൻലാലിൻറെ ഖുറേഷി അബ്രാം ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിൻറെ പാട് പോലെ രണ്ടെന്ന അക്കത്തിൻറെ സൂചനയുമാണ് പോസ്റ്ററിൽ ഉള്ളത്. ലൂസിഫർ ഇറങ്ങിയ സമയത്ത് ഈ മോതിരം ഏറെ ചർച്ച ചെയ്യപ്പെടുകയും ആരാധകർ പല കഥകളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു. എമ്പുരാന്റെ ചിത്രീകരണം ഒക്ടോബർ ആദ്യ ആഴ്ച ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളിൽ ചിലർ അറിയിച്ചിരിക്കുന്നത്. ലഡാക്കും ഒരു പ്രധാന ലൊക്കേഷൻ ആണ്.

Trending

To Top