‘വരൂ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ സജി ചെറിയാനെതിരെ ഹരീഷ് പേരടി

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക…

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന്‍ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാന്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണുയര്‍ന്നത്. മന്ത്രിയുടെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു.

നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാമെന്നും അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നു നോക്കാം എന്നുമാണ് പേരടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

‘വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം…അവിടെ വെച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും…കഥ-കുന്തവും കൊടചക്രവും എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.