യുവനടൻ വീടിനുള്ളിൽ മരിച്ച നിലയിൽ!!

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാം വീട്ടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. ബംഗളൂരുവിലെ നേലമംഗലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അഗ്‌നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും…

കന്നഡയിലെ ജനപ്രിയ ടെലിവിഷൻ താരം സമ്പത്ത് ജെ റാം വീട്ടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. ബംഗളൂരുവിലെ നേലമംഗലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അഗ്‌നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും സിനിമകളിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സമ്പത്ത് ജെ റാമിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമ്പത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ”നിങ്ങളുടെ വേർപാട് താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. ഒരുപാട് സിനിമകൾ ഇനിയും നിർമ്മിക്കാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും ധാരാളം സമയമുണ്ട്. ഞങ്ങൾക്ക് നിങ്ങളെ ഇനിയും കാണേണ്ടതുണ്ട്” എന്ന കുറിപ്പും രാജേഷ് ധ്രുവ പങ്കുവെച്ചിരുന്നു.


അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. അഗ്നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ പരമ്പര. അതേ സമയം അവസരങ്ങൾ കുറഞ്ഞതിൽ താരം അസ്വസ്ഥനായിരുന്നുവെന്നും നല്ല ഓഫറുകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞവർഷമായിരുന്നു സമ്പത്തിന്റെ വിവാഹം.താരത്തിന്റെ സ്വദേശമായ എൻ.ആർ പുരയിൽ ഇന്നലെ സംസ്‌കാരം നടന്നു.