Film News

‘എല്ലാം എനിക്ക് അറിയാം, നീ പുറത്തു വന്നേ മതിയാകൂ..ലതാജി കാരണമാണ് വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയതെന്ന് ചിത്ര

സംഗീത ലോകത്തിനു തീരാ നഷ്ടമാണ് ലതാജിയുടെ വിയോഗമെന്ന് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഇന്ത്യയുടെ സ്വന്തം വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വിയോഗ വാര്‍ത്തയില്‍ ദു:ഖം പങ്കിടുകയായിരുന്നു ചിത്ര. ഇന്ത്യ എന്നു ചിന്തിക്കുമ്പോള്‍ ഗാന്ധിജിയുടെയൊക്കെ മുഖം പോലെ എന്റെ മനസ്സില്‍ ആദ്യം തെളിയുന്ന മുഖമാണ്, ഇന്ത്യന്‍ സംഗീതത്തിന്റെ തന്നെ മുഖമായ ലതാജിയുടേത്. ലതാജിയുടെ ശരീരം ഇനി നമ്മോടൊപ്പം ഉണ്ടാകില്ലായിരിക്കും. പക്ഷേ ഇനി വരുന്ന എത്രയോ പതിറ്റാണ്ടുകളിലേക്കു പുതിയ തലമുറയിലെ കുട്ടികള്‍ക്കു പഠിക്കാനുതകുന്ന പാട്ടുകള്‍ പാടി വച്ചിട്ടാണ് ലതാജി പോകുന്നത്. ആ പാട്ടുകള്‍ പഠിച്ചു മാത്രമേ ഞാനടക്കം ഏതൊരു സംഗീത വിദ്യാര്‍ഥിക്കും മുന്നോട്ടു പോകാന്‍ പറ്റൂ. ലതാജിയുടെ വിയോഗം വളരെ വ്യക്തിപരമായ വേദന കൂടിയാണ് എനിക്കു നല്‍കുന്നതെന്നും ചിത്ര മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലഘട്ടത്തില്‍ കൂടി കടന്നുപോയ ഒരു സമയമുണ്ടായിരുന്നു. ആ കാലത്ത് ലതാജിയുടെ പേരില്‍ ഹൈദരാബാദിലെ ഒരു ചടങ്ങില്‍ നല്‍കുന്ന പുരസ്‌കാരം എനിക്കാണെന്നു പറഞ്ഞു സംഘാടകര്‍ ഒരുദിവസം വിളിച്ചു. പക്ഷേ അപ്പോള്‍ ഞാന്‍ പുറത്തെങ്ങും പോകാന്‍ കഴിയാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ചടങ്ങിന് എന്നെ ക്ഷണിച്ച സംഘാടകരോട് ‘ഞാന്‍ അങ്ങനെയൊരു മാനസികാവസ്ഥയില്‍ അല്ല എനിക്ക് വരാന്‍ കഴിയില്ല സോറി’ എന്നു പറഞ്ഞു. അന്നു വൈകുന്നേരം ലതാജി എന്നെ വിളിച്ചു.

‘നിനക്കുണ്ടായ ദുഃഖം എനിക്കു മനസ്സിലാകും, എല്ലാം എനിക്ക് അറിയാം. പക്ഷേ അങ്ങനെ വീട്ടില്‍ ഇരുന്നുകളയരുത്, നീ പുറത്തുവന്നേ മതിയാകൂ. ഈ പരിപടിയ്ക്കു വരണം, ഞാന്‍ വരും. എനിക്ക് കാണണം’ എന്നു പറഞ്ഞു. അങ്ങനെ ആ പരിപാടിക്കു ഞാന്‍ പോയി. പക്ഷേ ലതാജിക്ക് എന്തോ കാരണം കൊണ്ട് അന്നു വരാന്‍ കഴിഞ്ഞില്ല. ലതാജി കാരണമാണ് ഞാന്‍ വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയതെന്നും ചിത്ര പറഞ്ഞു.

Trending

To Top