‘അറിയാവുന്ന കാര്യങ്ങള്‍ അതേപോലെയാണ് പറഞ്ഞിട്ടുള്ളത്’ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍. ‘നടിക്കൊപ്പമെന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ ആത്യന്തികമായി വിജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതു ആരുടെ ഭാഗത്താണെങ്കിലുമെന്നും താരം…

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍. ‘നടിക്കൊപ്പമെന്നതിനേക്കാള്‍ ഉപരി ഞാന്‍ സത്യത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. അത് തന്നെ ആത്യന്തികമായി വിജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതു ആരുടെ ഭാഗത്താണെങ്കിലുമെന്നും താരം പറഞ്ഞു.

എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അതു അതേപോലെയാണ് പറഞ്ഞിട്ടുള്ളത്. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 11ന് ആണ്. തമിഴ് താരം ഗായത്രി ശങ്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.

സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.