‘ദുഷ്ടന്മാരുടെ മനസ് പെട്ടെന്ന് വായിക്കാന്‍ പറ്റും’; അവതാരകനെ ട്രോളി കുഞ്ചാക്കോ ബോബന്‍; വീഡിയോ വൈറലാകുന്നു

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാലമാണിത്. അഭിനയം മാത്രമല്ല, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പും അതിന് ശേഷവുമുള്ള പ്രസ് മീറ്റുകളിലും ഇന്റര്‍വ്യൂകളിലുമൊക്കെ പങ്കെടുക്കേണ്ടതും താരങ്ങളുടെ ജോലിയുടെ ഭാഗമായിക്കഴിഞ്ഞു. പലപ്പോഴും അഭിനേതാക്കളുടെ അഭിമുഖങ്ങള്‍ക്കെതിരെയും…

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാലമാണിത്. അഭിനയം മാത്രമല്ല, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പും അതിന് ശേഷവുമുള്ള പ്രസ് മീറ്റുകളിലും ഇന്റര്‍വ്യൂകളിലുമൊക്കെ പങ്കെടുക്കേണ്ടതും താരങ്ങളുടെ ജോലിയുടെ ഭാഗമായിക്കഴിഞ്ഞു. പലപ്പോഴും അഭിനേതാക്കളുടെ അഭിമുഖങ്ങള്‍ക്കെതിരെയും പ്രസ് മീറ്റിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. സിനിമക്കപ്പുറത്തുള്ള, സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും ക്ലിക്ക് ബൈറ്റിന് വേണ്ടിയുള്ള ചോദ്യങ്ങള്‍ ഉയരുന്നതുമൊക്കെ ചൂണ്ടിക്കാണിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഉയരാറുള്ളത്.

ചില താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷോഭത്തോടെയും ചിലര്‍ സൗമ്യമായും പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു അഭിമുഖത്തില്‍ അവതാരകന്‍ ഹൈദരലിക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യുവിലായിരുന്നു ഈ സംഭവം. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ നായിക ഗായത്രിയുമാണ് അഭിമുഖത്തിലെത്തിയത്.

തമിഴില്‍ കൂടുതല്‍ സിനിമ വിജയ് സേതുപതിയുമായിട്ടാണ് വരുന്നത്, അതെന്താണ് അങ്ങനെ ഒരു അറ്റാച്ച്മെന്റ് എന്നായിരുന്നു ഗായത്രിയോടുള്ള അവതാരകന്റെ ചോദ്യം. ‘പ്രാജക്റ്റില്‍ ഞാനായിരിക്കും ആദ്യം വരുന്നത്. പിന്നെ ആയിരിക്കും സേതു വരുന്നത്. കാണുമ്പോള്‍ ആര്‍ക്കും മനസിലാവില്ല, പിന്നെ ഞങ്ങള്‍ അതൊന്നും പറയാന്‍ നിക്കില്ല. അത് അങ്ങനെയാണ്, ഞങ്ങള്‍ക്ക് കുറെ മ്യൂച്ചല്‍ ഫ്രണ്ട്സ് ഉണ്ട്. അവര്‍ സിനിമ എടുക്കുമ്പോള്‍ ഞങ്ങളെ രണ്ട് പേരേയും വിളിക്കും’. ഗായത്രി പറഞ്ഞു. എന്നാല്‍ അവതാരകന്റെ ഉദ്ദേശം മനസിലായ കുഞ്ചാക്കോ ബോബന്‍ അദ്ദേഹത്തെ ട്രോളുകയായിരുന്നു.

പുള്ളിക്കാരന്‍ ചോദിച്ചത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ കല്ല്യാണം കഴിക്കുമോ എന്നുള്ളതാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ച അവതാരകന്‍ ചാക്കോച്ചന്‍ എന്റെ മനസ് വായിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ദുഷ്ടന്മാരുടെ മനസ് പെട്ടെന്ന് വായിക്കാന്‍ പറ്റുമെന്നായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്റെ മറുപടി.

അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായി വിജയ് സേതുപതി കല്യാണം കഴിച്ചതാണെന്ന് ഗായത്രി പറഞ്ഞു. ഇത് താന്‍ കുറെ കേട്ടിട്ടുള്ളതാണെന്നും നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ ശാലിനിയെ കെട്ടുമോ എന്ന് കുറെ പേര് ചോദിച്ചതാണെന്നും അപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറയുകയായിരുന്നു.