ക്ലാസ്‌മേറ്റ്‌സില്‍ റസിയ ആയാല്‍ മതിയെന്നു പറഞ്ഞ് കരഞ്ഞ കാവ്യയോട് ഇറങ്ങിപ്പോകാന്‍ വരെ പറയേണ്ടി വന്നു: ലാല്‍ജോസ്

രണ്ടര മണിക്കൂര്‍ സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന്‍ പോലും ഒരുപക്ഷേ അതിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഒരു പക്ഷേ, ആ സിനിമയെ പോലും വെല്ലുന്ന സംഭവങ്ങളാകാം അതിന്റെ ചിത്രീകരണ സമയത്ത് നടന്നിടടുണ്ടാകുക. അത്തരത്തില്‍ പല…

രണ്ടര മണിക്കൂര്‍ സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന്‍ പോലും ഒരുപക്ഷേ അതിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ഒരു പക്ഷേ, ആ സിനിമയെ പോലും വെല്ലുന്ന സംഭവങ്ങളാകാം അതിന്റെ ചിത്രീകരണ സമയത്ത് നടന്നിടടുണ്ടാകുക.

അത്തരത്തില്‍ പല നടീ നടന്മാരും അനുഭവങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്. ഇക്കുറി സംവിധായകന്‍ ലാല്‍ ജോസിന്റെ അനുഭവങ്ങളാണ് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. ലാല്‍ജോസ് എന്ന പേര് കേള്‍ക്കുമ്പോഴേ നിരവധി കഥാപാത്രങ്ങളാണ് മനസ്സിലൂടെ ഓടിയെത്തുന്നത്. സംവിധായകന്‍ എന്നതിലുപരി മലയാള സിനിമക്ക് നിരവധി പുതുമുഖങ്ങളെ സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ് ലാല്‍ജോസ്.

ക്ളാസ്സ്മേറ്റ്‌സ് എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നരേന്‍ ചെയ്ത കഥാപാത്രമായി ആദ്യം തീരുമാനിച്ചത് ചാക്കോച്ചനെ ആയിരുന്നത്രേ. എന്നാല്‍ ചെറിയ ഡേറ്റ് പ്രശനം കൊണ്ട് അത് നടക്കാതെ നരേന്‍ അത് ചെയ്യുകയുമായിരുന്നു.

കൂടാതെ ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിനാണ് കഥയില്‍ കൂടുതല്‍ പ്രാധാന്യം എന്ന് അറിഞ്ഞ കാവ്യാ, ആ വേഷം തനിക്ക് വേണമെന്ന് പറഞ്ഞ് കരഞ്ഞ് വാശിപിടിച്ചെന്നും ഒടുവില്‍ ഇറങ്ങിപ്പോകാന്‍ വരെ പറഞ്ഞിരുന്നു എന്നും ലാല്‍ജോസ് പറയുന്നു.

1998ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ജോസ് സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും ദിവ്യ ഉണ്ണിയുമായിരുന്നു പ്രമുഖ കഥാപാത്രങ്ങള്‍. ഈ ചിത്രത്തില്‍ നായിക ആകേണ്ടത് മഞ്ജു വാര്യര്‍ ആയിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. ലാല്‍ജോസിന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ഒരു മറവത്തൂര്‍ കനവ്. പക്ഷെ അന്ന് എന്ന് മഞ്ജു ചില കാരണങ്ങളാല്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുക ആയിരുന്നു.

അങ്ങനെ, ചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് ദിവ്യ ഉണ്ണിയെ വിളിച്ചത്. മഞ്ജു പിന്മാറിയ സിനിമയെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെ ദിവ്യ ആ റോള്‍ സ്വീകരിച്ചു. ഈ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനായി എത്താനുമുണ്ട് ഒരു കാരണം. അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ നായകന്‍ ആക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.