‘അതേ നായിക, അതേ ഗാനം, അതേ കൊറിയോഗ്രാഫര്‍- വ്യത്യാസം ഒന്നു മാത്രം 24 വര്‍ഷങ്ങള്‍’- മഞ്ജു വാര്യര്‍

നടന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പഴയ മലയാള സിനിമകളിലെ ഹിറ്റ് മെലഡികളാണ് ‘ലളിതം സുന്ദര’ത്തിനായി…

lalitham sundaram nostalgic song video

നടന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പഴയ മലയാള സിനിമകളിലെ ഹിറ്റ് മെലഡികളാണ് ‘ലളിതം സുന്ദര’ത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഹരിശങ്കര്‍, അഞ്ജലി വാര്യര്‍, ബിജു മേനോന്‍, ആനി അമീ, നന്ദു കര്‍ത്ത, രഞ്ജിത് ജയരാമന്‍ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ പഴയ കാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഇപ്പോഴിതാ താന്‍ 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ‘പ്രണയവര്‍ണങ്ങള്‍’ ചിത്രത്തിലെ ‘കണ്ണാടി കൂടും കൂട്ടി’ ഗാനരംഗത്തിന്റെ ചിത്രീകരണ വീഡിയോ മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുകയാണ്. ‘അതേ നായിക, അതേ ഗാനം, അതേ കൊറിയോഗ്രാഫര്‍- വ്യത്യാസം ഒന്നു മാത്രം 24 വര്‍ഷങ്ങള്‍’ എന്നാണ് ഈ വീഡിയോ പങ്കുവെച്ച് നടി കുറിച്ചത്. കോറിയോഗ്രാഫര്‍ കലാ മാസ്റ്റര്‍ ചുവടുവെക്കുന്നതും ദൃശ്യത്തില്‍ കാണാം. പഴയ ഗാനത്തില്‍ മഞ്ജു ചുവടുവെക്കുന്നതും കോര്‍ത്തിണക്കിയാണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നൊസ്റ്റാള്‍ജിയ എന്നാണ് മിക്കവരും കുറിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ലളിതം സുന്ദരം റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍ ആണ് ചിത്രം നിര്‍മിച്ചതും. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ സെഞ്ച്വറിയും പങ്കാളിയാകുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനൊപ്പം നായികയായി മഞ്ജു വാര്യര്‍ അഭിനയിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.