Film News

28 വർഷത്തിന്റെ തഴമ്പും അനുഭവ പരിചയവും കൈമുതൽ; നല്ല ‘പണി’ എടുത്ത് തിളങ്ങാൻ ജോജു, പുതിയ വേഷത്തിൽ

കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ സംവിധായകന്റെ കുപ്പായമണിയുന്നതിന്റെ ത്രില്ലിൽ ജോജു ജോർജ്. നായകൻ, സഹനടൻ, സ്വഭാവനടൻ, ഹാസ്യനടൻ തുടങ്ങിയ സിനിമയിൽ നിറഞ്ഞ നിൽക്കുന്ന താരം മറ്റൊരു മേഖലയിലേക്ക് കൂടെ ചുവട് ഉറപ്പിക്കുകയാണ്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി താരം എത്തുമ്പോൾ ആരാധകർക്കും ആവേശമാണ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെൻഷൻ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും”- ജോജുവിന്റെ വാക്കുകളിലും ആത്മവിശ്വാസം നിറയുന്നുണ്ട്.

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘പണി’യുടെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയ നായികയാകുന്നു. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. പ്രശസ്ത സംവിധായകൻ വേണുവാണ് ‘പണി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

1995 ൽ ‘മഴവിൽ കൂടാരം’ എന്ന സിനിമയിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി ജോജു ജോർജ് മലയാള സിനിമയിൽ എത്തുന്നത്. പിന്നീട്
ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങളുടെ ഭാ​ഗമായി. അന്നത്തെ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ സൂപ്പർ നായകന്മാരിൽ ഒരാളാണ്. ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ ജോജു തന്റെ പേര് എഴുതി ചേർത്തു കഴിഞ്ഞു.

2018 ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന സിനിമയാണ് ജോജുവിന്റെ കരിയറിലെ ഏറ്റവും നിർണായക മാറ്റത്തിന്റെ തുടക്കമായത്. മികച്ച പ്രകടനത്തിനൊപ്പം തീയേറ്ററിലും സിനിമ വൻ വിജയമായി മാറി. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം ‘ചോല’യിലെ പ്രകടനം അഭിനേതാവ് എന്ന നിലയിലുള്ള ജോജുവിന്റെ ​ഗ്രാഫ് ഉയർത്തി. ‘ജോസഫ്’, ‘ചോല’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു. പിന്നീട് ജോജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Trending

To Top