Film News

‘ഇത് രമേഷിന്റെ ഡയറിയാണ്, എടുത്താല്‍ ഞാന്‍ ഇടിയ്ക്കും’!! പിഷാരടിയുടെ ഡയറി സൂക്ഷിപ്പുകാരനായി ബാബു ആന്റണി

നടന്‍ ബാബു ആന്റണിയോടുള്ള കടുത്ത ആരാധന പങ്കുവച്ച് നടന്‍ രമേശ് പിഷാരടി. പിഷാരടി അടുത്തിടെ ഒരു അഭിമുഖത്തിലാണ് ബാബു ആന്റണിയോടുള്ള ആരാധനയുടെ കഥ പങ്കുവച്ചത്. ഇപ്പോള്‍ 28 വര്‍ഷം പഴക്കമുള്ള ഡയറി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് പിഷാരടി. കുട്ടിക്കാലത്ത് താന്‍ രക്ഷകനായാണ് ബാബു ആന്റണിയെ കണ്ടിരുന്നത് എന്ന് പിഷാരടി പറയുന്നു.

1995 കാലഘട്ടത്തില്‍ ബാബു ആന്റണി ചേട്ടന്‍ വര്‍ഷത്തില്‍ എട്ട്, ഒന്‍പത് പടങ്ങളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ കൊടും ഫാന്‍ ആണ്. അദ്ദേഹത്തെ പോലെ മുടി വളര്‍ത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളര്‍ത്തിയാല്‍ മുകളിലേക്ക് പൊങ്ങിയേ നില്‍ക്കൂ. അങ്ങനെ മുടി വളര്‍ത്താന്‍ കഴിയാത്ത സങ്കടമുണ്ടായിരുന്നു.

95 മുതല്‍ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാന്‍ എപ്പോഴും ഡയറി എഴുതും. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് 200 പേജിന്റെ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങള്‍ അഞ്ചു മക്കളാണ് വീട്ടില്‍.

എന്റെ സഹോദരങ്ങള്‍ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ”ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താല്‍ അറിയാല്ലോ ഞാന്‍ വരും വന്നു നിങ്ങളെ ഇടിക്കും” എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സില്‍ എന്റെ രക്ഷകനാണ് ബാബുച്ചേട്ടന്‍. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.” എന്നാണ് പിഷാരടി കുറിച്ചത്.

Trending

To Top