Film News

കാന്‍സര്‍ ബാധിതയായ ആരാധികയുടെ ആഗ്രഹം സഫലമാക്കി ഷാരൂഖ് ഖാന്‍

ആരാധകരുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് കിങ് ഖാന്‍ ഷാരുഖ് ഖാന്‍. അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും മടിയില്ല. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആരാധകരോട് സംവദിക്കാറുണ്ട് താരം. ഇപ്പോഴിതാ താരം തന്റെ അര്‍ബുദ രോഗിയായ ആരാധികയുടെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ്. അര്‍ബുദ രോഗിയായ ശിവാനി ചക്രബര്‍ത്തിയാണ് ആ ഭാഗ്യവതി.

ഈയടുത്താണ് ശിവാനി ചക്രബര്‍ത്തി തന്റെ അവസാന ആഗ്രഹമായി ഷാരൂഖിനെ കാണണമെന്ന ആഗ്രഹം പങ്കുവച്ചത്. ആഗ്രഹം അറിഞ്ഞയുടനെ തന്നെ താരം തന്റെ ആരാധികയുടെ ആഗ്രഹം സഫലമാക്കാന്‍ വീഡിയോ കോളില്‍ എത്തി.

ഷാരൂഖ് ഖാന്‍ ഫാന്‍ പേജുകളില്‍ നിറയെ താരം വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്. ശിവാനിയുമായി 30 മിനുട്ടുകളോളം ഷാരൂഖ് സംസാരിച്ചു. ശിവാനിയ്ക്ക് സാമ്പത്തിക സഹായവും ഉറപ്പാക്കി.

തന്റെ മകളെ ഷാരൂഖ് അനുഗ്രഹിക്കണമെന്ന ആഗ്രഹവും ശിവാനി പങ്കുവച്ചു. അടുത്ത തവണ കൊല്‍ക്കത്തയിലേക്ക് വരുമ്പോള്‍ ശിവാനിയെ കാണാന്‍ എത്തുമെന്നും താരം പറഞ്ഞു. മാത്രമല്ല മകളുടെ വിവാഹത്തിന് താന്‍ എത്തുമെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖിനു വേണ്ടി ശിവാനി ഭക്ഷണവും പാകം ചെയ്തുനല്‍കുമെന്നും പറഞ്ഞു. ‘ഞങ്ങള്‍ വീട്ടില്‍ എല്ലാ ദിവസവും കഴിക്കുന്ന ഏതെങ്കിലുമൊരു ആഹാരം ഞാന്‍ അദ്ദേഹത്തിനു തയ്യാറാക്കി നല്‍കും. അദ്ദേഹത്തിനു ബംഗാള്‍ ഇഷ്ടമാണ്, അതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും തീര്‍ച്ചയായും ഇഷ്ടപ്പെടും’, എന്ന് ശിവാനി പറഞ്ഞിരുന്നു. ശിവാനിയോട് തനിക്ക് മീന്‍ പാകം ചെയ്തു തരണമെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

Trending

To Top