റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ചിത്രത്തിന് യുഎഇയില്‍…

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ചിത്രത്തിന് യുഎഇയില്‍ റിലീസ് ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

പക്ഷെ ഇപ്പോള്‍ സിനിമ വീണ്ടും സെന്‍സറിന് വിധേയമാക്കിയതോടെ അനുമതി ലഭിക്കുകയായിരുന്നു. ഓഗസ്റ്റ് 11 മുതല്‍ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫിസില്‍ മുപ്പത് കോടിയാണ് സ്വന്തമാക്കിയത്.

ഈ മാസം അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. മലയാള പതിപ്പിന് കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം അത് അഞ്ഞൂറിലധികം ആയി. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.

ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്.