‘ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ’ ആര്യയ്ക്ക് പിന്തുണയുമായി ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ കനത്ത സൈബര്‍ ആക്രമണമാണ് ആര്യ രാജേന്ദ്രന്‍ നേരിടുന്നത്. ആര്യ…

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എം എല്‍ എ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ കനത്ത സൈബര്‍ ആക്രമണമാണ് ആര്യ രാജേന്ദ്രന്‍ നേരിടുന്നത്. ആര്യ തേപ്പുകാരിയാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ശ്രീജ നെയ്യാറ്റിന്‍കര രംഗത്തെത്തിയിരിക്കുകയാണ്.

‘ഇനി അവര്‍ക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷന്‍ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാല്‍ ഏത് റിലേഷന്‍ ഷിപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കൂടെ കഴിയണം അതാണ് ജനാധിപത്യമെന്ന് ശ്രീജ നെയ്യാറ്റിനകര ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

മേയർ ആര്യ രാജേന്ദ്രൻ ❤
എം എൽ എ അഡ്വ സച്ചിൻ കെ ദേവ് ❤
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എം എൽ എ അഡ്വ സച്ചിൻ കെ ദേവും വിവാഹിതരാകുന്നു എന്ന വാർത്ത വന്ന് ഏറെ കഴിഞ്ഞില്ല അതാ വരുന്നു ആര്യയെ തേപ്പുകാരി എന്നധിക്ഷേപിച്ചു കൊണ്ടുള്ള ക്രൂരമായ സൈബർ ആക്രമണങ്ങൾ …
ആര്യയ്ക്ക് നേരെയുള്ള ഈ വേട്ട ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവർ മേയർ ആയതു മുതൽ അവർക്കെതിരെയുള്ള വ്യക്തിഹത്യ പതിവാണ് .. സ്ത്രീ പുരുഷന്റെ നേർക്ക് നോക്കി ഒന്നുറക്കെ സംസാരിച്ചാൽ മുറിവേൽക്കുന്ന ആൺബോധവും പേറി നടക്കുന്നവർക്ക് പ്രായം കുറഞ്ഞൊരു പെൺകുട്ടി അധികാരം കയ്യാളുന്നത് സഹിക്കാൻ കഴിയില്ല…. സ്വാഭാവികമായും ആ പെൺകുട്ടിയെ അധിക്ഷേപിക്കുക എന്നതിനപ്പുറം അവരോട് ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങൾ പോലും നടത്താൻ ശേഷിയില്ലാത്തവരുടെ രോദനങ്ങളാണ് ദാ ഇപ്പോഴും കേൾക്കുന്നതും ….. എന്തിനേറെ പറയുന്നു ഈയിടെ കെ മുരളീധരൻ എന്ന മുതിർന്ന രാഷ്ട്രീയ നേതാവ് പോലും ആര്യയെ ക്രൂരമായി പരിഹസിക്കുന്നത് കണ്ടിരുന്നു …. അഥവാ അദ്ദേഹത്തിന് പോലും അധികാരം കയ്യാളുന്ന രാഷ്ട്രീയ എതിരാളിയായ സ്ത്രീയോട് രാഷ്ട്രീയ സംവാദം സാധ്യമല്ലെന്നിരിക്കെ സൈബറിടങ്ങളിൽ പൂണ്ടു വിളയാട്ടം നടത്തുന്ന അണികൾക്കത് കഴിയുമോ?
ഇനി അവർക്ക് മറ്റൊരു പ്രേമം ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ റിലേഷൻ ഷിപ്പ് ഉണ്ടാകുന്നതും അത് ബ്രെക്കപ്പ് ആകുന്നതും സ്വാഭാവികമാണ് വേണ്ടെന്ന് തോന്നിയാൽ ഏത് റിലേഷൻ ഷിപ്പിൽ നിന്നും പുറത്തുകടക്കാൻ കൂടെ കഴിയണം അതാണ്‌ ജനാധിപത്യം …. അതവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് അവിടേക്ക് കയറി ചെന്ന് അഭിപ്രായം പറയുന്നതും അതിനെ അധിക്ഷേപിച്ച് നടക്കുന്നതും വികല രാഷ്ട്രീയം ആണെന്ന് മാത്രമല്ല അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ് ….
രാഷ്ട്രീയ എതിരാളിയായ സ്ത്രീയുടെ സ്വകാര്യ ജീവിതം പോലും രാഷ്ട്രീയ പക തീർക്കാൻ ഉപയോഗിക്കുന്ന അശ്ലീല രാഷ്ട്രീയം പേറുന്നവർ എത്രമാത്രം അപകടകാരികളായിരിക്കും ….
മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിൻ ദേവിനും ആശംസകൾ ….
നിങ്ങളുടെ വിവാഹം ജാതീയതയ്‌ക്കെതിരെയുള്ള ശക്തമായ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടെയാണ് … വിപ്ലവം എന്നാൽ ഗുണപരമായ മാറ്റം എന്നാണല്ലോ …
രണ്ട് വ്യക്തികൾ തമ്മിലുള്ള കേവല ബന്ധത്തിനപ്പുറം പ്രേമത്തിൽ രാഷ്ട്രീയാശയങ്ങൾ ഉൾച്ചേരണം അപ്പോഴാണത് ചുറ്റും വശ്യമനോഹരമായ വെളിച്ചം തൂകുന്നത് ….
ആ വെളിച്ചം നിങ്ങളുടെ വിവാഹ തീരുമാനത്തിലുണ്ട് ❤
സൈബർ ഗുണ്ടകൾക്ക് പുല്ലുവില കല്പിച്ച് മുന്നോട്ട് പോകൂ …. എല്ലാ വിധ ആശംസകളും ❤