Film News

‘ആ കഥാപാത്രം എന്നെ വേട്ടയാടി, മൂന്നുനാലു മാസം ബ്രേക്ക് എടുക്കേണ്ടി വന്നു’ സണ്ണി വെയ്ന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘അപ്പന്‍’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ക്കൊപ്പം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഡാര്‍ക്ക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. വേറിട്ടൊരു ഗെറ്റപ്പിലാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ എത്തുന്നത്.

മജുവാണ് അപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രം തന്നെ എത്രമാത്രം വേട്ടയാടി എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി. കേട്ടപ്പോള്‍ത്തന്നെ എന്നെ അദ്ഭുതപ്പെടുത്തിയ കഥയാണ് അപ്പനിലേത്. ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടോ എന്ന് എനിക്കു തോന്നി. പക്ഷേ ഉണ്ട് എന്നുള്ളതാണ് സത്യം. മജുവിന്റെ തിരക്കഥ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇട്ടിയെപ്പോലെയുള്ള ആളുകളും ഞ്ഞൂഞ്ഞിനെപ്പോലെയുള്ള മക്കളും ഈ ലോകത്തുണ്ട്. കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ എക്‌സൈറ്റഡ് ആയി. മജു എന്റെ നല്ലൊരു സുഹൃത്താണ്. പക്ഷേ രാജീവ് രവി ചേട്ടനാണ് എന്നെ വിളിച്ച് ഈ കഥ പറഞ്ഞത്. ”എടാ ഇത് തമാശക്കളിയല്ല. നന്നായി പെര്‍ഫോം ചെയ്യാനുണ്ട് കേട്ടോ” എന്നൊരു ഉപദേശവും അദ്ദേഹം തന്നു. അലന്‍സിയര്‍ ചേട്ടന്‍ ഇടയ്ക്കു വിളിച്ചു പറയും, ”എടാ ഞാന്‍ ഇവിടെ പ്രാക്ടീസ് ഒക്കെ ചെയ്തു തുടങ്ങി കേട്ടോ, നമുക്ക് ഈ സിനിമ അടിപൊളി ആക്കണം”.

അതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ ടെന്‍ഷന്‍ കൂടും. മനോഹരമായ സ്‌ക്രിപ്റ്റാണ്. അതില്‍ ഉള്ളതങ്ങു ചെയ്താല്‍ മതി. ഞാന്‍ വലിയ തയാറെടുപ്പുകള്‍ ഒന്നും നടത്തിയില്ല. വര്‍ക്ഷോപ്പ് ഒന്നും ഇല്ലായിരുന്നു. മുടി വെട്ടി എന്റെ ലുക്ക് മാറ്റിയപ്പോള്‍ത്തന്നെ ഒരുപാട് മാറ്റം വന്നു. ലൊക്കേഷനില്‍ പോയി അവിടുത്തെ വൈബ് കണ്ടപ്പോള്‍ മനസ്സ് മാറി. ക്യാമറാമാന്‍ പപ്പു ചേട്ടന്‍ പറഞ്ഞു, ”നീ ഒരു മുണ്ടുടുത്ത് ഈ പറമ്പിലൊക്കെ ഒന്നു നടക്ക്”. അങ്ങനെ ഞാന്‍ ആ വീടിനും പറമ്പിനും ചുറ്റുമൊക്കെ നടന്നു. തൊട്ടടുത്തുള്ള ചേട്ടന്മാരൊക്കെ വന്ന് എന്നെ റബ്ബര്‍ വെട്ടാന്‍ പഠിപ്പിച്ചു. അപ്പോഴേക്കും ഞാന്‍ ആ കഥാപാത്രത്തിലേക്ക് കയറിയിരുന്നു. ഞാന്‍ തിരികെ ഹോട്ടലിലേക്കു പോകുന്നതു പോലും ആ വേഷത്തിലായിരുന്നു.

വളരെ ചാലഞ്ചിങ് ആയ കഥാപാത്രമായിരുന്നു ഞ്ഞൂഞ്ഞ്. എനിക്കെന്തെങ്കിലും പിഴവു പറ്റിയാല്‍ ആ തിരക്കഥയുടെ ഭംഗി തന്നെ നഷ്ടപ്പെടും എന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. അലന്‍ ചേട്ടന്‍ (അലന്‍സിയര്‍) വളരെ രസകരമായി ആ വേഷം ചെയ്തു. നമ്മളെ ഞെട്ടിച്ച കഥാപാത്രമാണ് അത്. അവസാനത്തെ സീനില്‍ അലന്‍ ചേട്ടന്‍ പറഞ്ഞ ഡയലോഗ് ഒരു കൂരമ്പു പോലെ നെഞ്ചിനകത്തേക്കു തറച്ചു കയറുകയാണ്. കുഞ്ഞിനൊപ്പമുള്ള സീനൊക്കെ ശരിക്കും വിഷമം വന്നു. അമ്മയുടെ ധര്‍മസങ്കടം കാണുന്നത് ഭയങ്കര വേദനാജനകമായിരുന്നു. ഞ്ഞൂഞ്ഞ് ഒരുതരത്തിലും അപ്പനെപ്പോലെയല്ല എന്നുള്ളത് ശരീര ഭാഷയിലും ഭാര്യയോടുള്ള പെരുമാറ്റത്തിലും ഉണ്ടാകണം. അഭിനയിച്ചു തീര്‍ന്നിട്ടും എനിക്ക് ആ കഥാപാത്രത്തില്‍നിന്ന് ഇറങ്ങാന്‍ പറ്റുന്നില്ല. കുറേനാള്‍ ആ കഥാപാത്രം എന്നെ ഹോണ്ട് ചെയ്തു. പിന്നെ മൂന്നുനാലു മാസം ഞാനൊരു ബ്രേക്ക് എടുത്തു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

Trending

To Top