‘നീ എന്റെ മോനാണെന്നൊരു സംശയം നിനക്കുമുണ്ടോ?, ഞാന്‍ പാപ്പന്റെ മോനല്ലേ’; അച്ഛന്റേയും മകന്റേയും സൂപ്പര്‍ സീന്‍

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അച്ഛനും മകനും തമ്മിലുള്ള രസകരമായ ഒരു സീന്‍…

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലെത്തിയ പാപ്പന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അച്ഛനും മകനും തമ്മിലുള്ള രസകരമായ ഒരു സീന്‍ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ചിത്രത്തിന്റെ തിരക്കഥ ആര്‍ജെ ഷാനാണ്.

‘ചിത്രത്തിലെ അച്ഛന്‍ മകന്‍ കോംബോ അടിപൊളി’ എന്നാണ് പ്രേക്ഷക പ്രതികരണം. ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് തന്നെ ചിത്രം 11 കോടിയാണ് നേടിയിരിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത കൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി എന്ന റിപ്പോര്‍ട്ടുകളും ഇന്ന് എത്തിയിരുന്നു. പാപ്പന്റെ മറ്റു സംസ്ഥാനങ്ങളിലെ വിതരണാവകാശം യുഎഫ്ഒ മൂവീസ് സ്വന്തമാക്കിയെന്നും ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുമെന്നും എന്റര്‍ടൈന്‍മെന്റ് ട്രാക്കര്‍ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.