കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് ‘കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍

ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ് ലാഖയ്ക്ക് ജാമ്യം നല്‍കിയതിന് ജസ്റ്റിസ് മുരളീധറിനെ വിമര്‍ശിച്ചതിനാണ് സംവിധായകന്‍…

ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ് ലാഖയ്ക്ക് ജാമ്യം നല്‍കിയതിന് ജസ്റ്റിസ് മുരളീധറിനെ വിമര്‍ശിച്ചതിനാണ് സംവിധായകന്‍ മാപ്പു പറഞ്ഞത്. സംവിധായകനെതിരെ കോടതിയലക്ഷ്യ നടപടി ഡല്‍ഹി ഹൈക്കോടതി തുടങ്ങിയിരുന്നു.

ജസ്റ്റിസ് എസ്. മുരളീധറിനെതിരെ 2018ല്‍ നടത്തിയ പരാമര്‍ശത്തില്‍ അന്ന് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഗൗതം നവലഖയുടെ റിമാന്‍ഡും വീട്ടുതടങ്കലും 2018ല്‍ ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍, ജസ്റ്റിസ് എസ്. മുരളീധര്‍ പക്ഷാപാതമായാണ് നവലഖക്ക് അനുകൂലമായി വിധി പറഞ്ഞതെന്ന് അഗ്നിഹോത്രിയും ആര്‍.ബി.ഐ മുന്‍ ഡയറക്ടര്‍ എസ്. ഗുരുമൂര്‍ത്തിയും ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇതിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

അഭിഭാഷകന്‍ മുഖേന ക്ഷമാപണ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ട്വീറ്റ് താന്‍ നശിപ്പിച്ചതായും വിവേക് അഗ്നിഹോത്രി കോടതിയെ അറിയിച്ചു. എന്നാല്‍, ട്വീറ്റ് ഡിലീറ്റ് ചെയ്തത് അഗ്നിഹോത്രി അല്ലെന്നും ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.