
മിനിസ്ക്രീൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു താരമാണ് ജിഷിൻ മോഹൻ, ഇപ്പോൾ താരം തന്റെ ജേഷ്ഠൻ ജിതേഷ് മോഹന്റെ ഓർമ്മയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ ആകുന്നത്. ഇന്ന് എന്റെ ഏട്ടന്റെ , ജിതേഷ് മോഹന്റെ ഓർമ്മദിനം. ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം. ഏട്ടാ എന്നതിനേക്കാൾ എടാ എന്ന് വിളിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു സഹോദരൻ മാത്രമല്ല, ഒരു സുഹൃത്ത് കൂടെയായിരുന്നു . ചെറുപ്പം മുതൽക്ക് തന്നെ എല്ലാ കാര്യത്തിലും മിടുക്കൻ.

പഠനകാര്യത്തിൽ മാത്രമല്ല പഠനേതര കാര്യങ്ങളിലും മുൻപന്തിയിൽ. പാട്ടുപാടാനും ക്രിക്കറ്റ് കളിക്കാനും കൂടെയുള്ളവരെ രസിപ്പിക്കാനും ഒരു പ്രത്യേക കഴിവ് തന്നെ അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ കാര്യത്തിൽ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല ജിതേഷിന്. ക്രിക്കറ്റ് കളിയോടുള്ള അടങ്ങാത്ത അഭിനിവേശം അവനെ ബിസിസിഐ അമ്പയർ എന്ന നിലയിലേക്കും എത്തിച്ചു. കലയോടുള്ള ഇഷ്ടം സ്കൂൾ കലോത്സവങ്ങളിൽ ജിതേഷ് മാഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാൾ ആക്കി മാറ്റി. അധ്യാപനവും സ്പോർട്സും ഒരേ പോലെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സമയത്ത് എപ്പോഴോ ജീവിതത്തിന്റെ താളം തെറ്റി. ബാംഗ്ലൂരിലേക്ക് കുടിയേറിയ സമയം, ഒറ്റപ്പെട്ട ജീവിതം, അനാവശ്യ കൂട്ടുകെട്ട്, എല്ലാത്തിനും സ്വന്തം ജീവൻ ബലിയായി നൽകേണ്ടി വന്നവൻ. മഞ്ഞപ്പിത്തം ബാധിച്ച് ജിതേഷ് സീരിയസ് ആയി ഹോസ്പിറ്റലിലാണ് എന്ന സന്ദേശത്തെ തുടർന്ന് ബാംഗ്ലൂരിലെത്തിയ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്,
കള്ളുകുടിക്കുമ്പോഴും ,കൂട്ടുകൂടുമ്പോഴും ,പാട്ടുപാടുമ്പോഴും പ്രോത്സാഹിപ്പിച്ച് കൂടെ നിൽക്കുന്ന ആരും, അയാൾ വീഴുമ്പോൾ കൂടെ ഉണ്ടാകില്ല എന്ന് തിരിച്ചറിവാണ്. ഈ ICU ന്റെ വാതിൽ ഓരോ വട്ടം തുറക്കുമ്പോഴും നീ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാനിവിടെ കിടന്നത് എന്ന് നിറകണ്ണുകളോടെ അവൻ പറഞ്ഞത് ഞാനോർക്കുന്നു.ഒന്ന് രണ്ടാഴ്ച്ച അമ്മയെപ്പോലും അറിയിക്കാത്ത ബാംഗ്ലൂരിലെ ട്രീറ്റ്മെന്റിനു ശേഷം കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ അവനെ അപ്പോഴേക്കും കരൾ രോഗം കാർന്നു തിന്നിരുന്നു. അധികം പ്രതീക്ഷക്ക് വകയില്ലാത്ത മൂന്നു മാസത്തോളം ഉള്ള ട്രീറ്റ്മെന്റിനു ശേഷം ഒരു ദിവസം അഡ്മിറ്റ് ആയ അവന്റെ കൂടെ ആശുപത്രി കിടക്കയ്ക്കരികിൽ, പ്രതികരണം ഒന്നുമില്ലാതിരുന്നിട്ടും ഒരു രാത്രി മുഴുവൻ ഞാൻ ഇരുന്ന് അവനോട് സംസാരിച്ചു. രാവിലെ അവന്റെ വരണ്ടുണങ്ങിയ ചുണ്ടിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുത്ത ഞാൻ വേദനയോടെ മനസ്സിലാക്കി, ആ ജീവൻ അവന്റെ ദേഹവും ഞങ്ങളെയും വിട്ട് പോകുകയാണെന്ന്.
ഞാൻ സീരിയൽ രംഗത്ത്, കലാരംഗത്ത് എത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചത് അവനാണ്.












