ഹിറ്റുകൾ മാത്രമല്ല ഫ്ളോപ്പുകളും; 2023ൽ ബോക്സോഫീസിൽ പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾഇവ

കണക്കുകൾ പരിശോധിച്ചാൽ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളിൽ ഏറിയപങ്കും ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് 2023 കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങൾ…

കണക്കുകൾ പരിശോധിച്ചാൽ 2023 മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല എന്ന് ചുരുക്കി പറയാം. റിലീസായ ചിത്രങ്ങളിൽ ഏറിയപങ്കും ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് 2023 കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങൾ കിട്ടിയ വര്ഷവുമായിരുന്നു ഇതെന്ന് കൂടി എടുത്തുപറയേണ്ടിവരും. ദക്ഷിണേന്ത്യയാകെ വമ്പന്‍ ഹിറ്റുകള്‍ ഈ വര്‍ഷം പിറന്നിട്ടുണ്ട്. അതില്‍ മലയാള ചിത്രങ്ങള്‍ക്കും വലിയ സംഭാവനയുണ്ട്. ഈ വര്‍ഷം ഒരുപാട് ഹിറ്റ് ചിത്രങ്ങളില്ലെങ്കിലും ഉള്ളത് മലയാളത്തിന് അഭിമാനിക്കാവുന്നതാണ്. നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ 2018 സിനിമയുടെ  ഓസ്കർ എൻട്രിയെക്കുറിച്ചുതന്നെ ആദ്യം പറയണം.   മമ്മൂട്ടിയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനി മമ്മൂട്ടി കമ്പനിയും കസറിയ വര്‍ഷം കൂടിയാണ് 2023. നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്.  72-മത്തെ വയസ്സിലും മലയാള സിനിമയുടെ നെടുംതൂൺ മമ്മൂട്ടിയാണെന്ന് പറയാം. 2023ൽ മലയാളത്തിൽ  പുറത്തിറങ്ങിയ അദ്ദേഹം നായകനായി എത്തിയ നാലിൽ മൂന്ന് ചിത്രങ്ങളും വിജയം കണ്ടു. മികച്ച നടനുള്ള സംസ്ഥാൻ  പുരസ്‌കാരം നേടിക്കൊടുത്ത നൻപകൽ നേരത്ത് മയക്കം ആയിരുന്നു  ഈ വർഷം ആദ്യം തീയറ്ററുകളിൽ  പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം.

പിന്നെ സൂപ്പർ ഹിറ്റായി മാറിയ കണ്ണൂർ സ്‌ക്വാഡ് പിറന്നു. മികച്ച അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിക്കൊടുത്ത കാതൽ ആണ് നടന്റെ ഒടുവിൽ റിലീസായത്.എന്നാൽ 2023ൽ മമ്മൂട്ടിയുടെതായി എത്തി തിയറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കാതെ പോയ രണ്ട് ചിത്രങ്ങൾ കൂടി  ഉണ്ട്. അതിലൊന്ന് അന്യഭാഷാ ചിത്രമായ ഏജൻറ് ആണ. ഏപ്രിൽ 28ന് റിലീസ് ചെയ്ത അഖിൽ അക്കിനേനി ചിത്രമാണ് ഏജൻറ്. തിയറ്ററുകളിൽ പിടിച്ചുനിൽക്കാൻ ആവാതെ പിൻവലിഞ്ഞ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്  സുരേന്ദർ റെഡ്ഢിയാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിച്ചത്. മൂന്ന് വർഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ഏജന്റ്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായികാ വേഷം ചെയ്തത്.

ഹിപ്പ്ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ല. വലിയ ചലനം ഉണ്ടാകാഞ്ഞ മറ്റൊരു മമ്മൂട്ടി   മറ്റൊരു ചിത്രമായിരുന്നു ക്രിസ്റ്റഫർ. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഫെബ്രുവരി 9ന് പ്രദർശനത്തിന് എത്തി. 20 കോടി ബജറ്റിൽ ആണ് സിനിമ നിർമ്മിച്ചത്.ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫർ’ കേരളത്തിൽ നിന്ന് 5.80 കോടി രൂപ മാത്രമാണ് നേടിയത്. 10.40 കോടിയാണ് ആകെ നേടിയത് എന്നാണ് ലഭിച്ച വിവരം.  ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം . വളരെ മികച്ച രീതിൽ ജസ്റ്റിൻ വർഗീസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഫൈസ് സിദ്ദിഖിന്റെ ക്യാമറാ മികവും ആയിരുന്നു  സിനിമയുടെ പോസിറ്റീവ്. സ്നേഹ, ഐശ്വര്യലക്ഷ്മി , വിനയ് റായ്, അമല പോൾ ,ഷഹീൻ സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു.