വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

തമിഴകം കത്തിപുകയുകയാണ് പ്രെതി സ്ഥാനത്തു നടൻ വിജയ് ആയതുകൊണ്ട് സോഷ്യൽ മീഡിയയും ആളി കത്തുകയാണ്. വിജയ്‌ക്കെതിരായ ആദായനികുതി വകുപ്പിന്റെ മാരത്തണ്‍ ചോദ്യം ചെയ്യല്‍ നീളുന്നു. വിജയ്ക്ക് പുറമെ ഭാര്യ സംഗീതയെയും ചോദ്യം ചെയ്യുന്നു എന്നാണ്…

തമിഴകം കത്തിപുകയുകയാണ് പ്രെതി സ്ഥാനത്തു നടൻ വിജയ് ആയതുകൊണ്ട് സോഷ്യൽ മീഡിയയും ആളി കത്തുകയാണ്. വിജയ്‌ക്കെതിരായ ആദായനികുതി വകുപ്പിന്റെ മാരത്തണ്‍ ചോദ്യം ചെയ്യല്‍ നീളുന്നു. വിജയ്ക്ക് പുറമെ ഭാര്യ സംഗീതയെയും ചോദ്യം ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവരുടെ സ്വത്ത് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം വ്യാപകമായ റെയ്ഡാണ് നടക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുവരെ 77 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ആരാധകര്‍ സംയമനം പാലിക്കണമെന്ന് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ചെന്നൈയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നികുതിവെട്ടിപ്പ് ആരോപിച്ചാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ ആദായ നികുതി വകുപ്പ് ഇന്നലെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ കണക്കും വിജയ്യുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

അസി. കമ്മീഷണര്‍ കൃഷ്ണകാന്തിന്റെ നേതൃത്വത്തില്‍ ആറംഗസംഘമാണ് വിജയ്യെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇന്നലെ മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ നടക്കുന്ന ഷൂട്ടിങ് പൂര്‍ത്തിയാക്കി ഹാജരാവാമെന്ന് വിജയ് അധികൃതരെ അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. സംഭവം സെറ്റില്‍ പരിഭ്രാന്തി പടര്‍ത്തിയതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചോദ്യം ചെയ്യല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയ്യുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പനയൂരിലെ വീടിന് പുറമെ ശാലിഗ്രാമിലെ വീട്ടിലും ഇന്നലെ പരിശോധന നടന്നിരുന്നു.

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകന്‍ കല്‍പതി എസ്.അഹോരത്തിന്റ വസതിയിലടക്കം 38 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വിജയ്യിലേക്ക് എത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം സിനിമയിലെ സംഭാഷണങ്ങളായി. സിനിമയിലെ രാഷ്ട്രീയ പരാമര്‍ശങ്ങളുടെ പേരില്‍ നടന്റെ മതം പറഞ്ഞുള്ള ആക്രമണമാണ് ബിജെപി നേതാക്കള്‍ പിന്നീട് നടത്തിയത്. ജോസഫ് വിജയ് എന്ന പേര് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആദായനികുതി റെയ്ഡ് എന്നാണ് ആരോപണം.